കോട്ടയം: രാമകഥയുടെ പുണ്യവുമായി കര്‍ക്കടകം പിറന്നു. ഇനിയുള്ള ഒരു മാസക്കാലം ശ്രീരാമകഥകള്‍ ശ്രവിക്കാനുള്ളതാണ്. കള്ളകര്‍ക്കടകത്തിലെ വ്യാധികളില്‍ നിന്ന് മോചനം നേടാന്‍ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കും.
വാല്മീകി രാമായണത്തെ അധികരിച്ച് മലയാളത്തില്‍ പല കൃതികളും ഉണ്ടായിട്ടുണ്ടെങ്കിലും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ് കേരളീയരുടെ പ്രമാണ ഗ്രന്ഥം.
രാമായണമാസത്തെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളുമായി.ഭവനങ്ങളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാമായണം പാരായണം ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഭവനങ്ങളില്‍ മുതിര്‍ന്നവരാണ് പാരായണം ചെയ്യുന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആചാര്യസ്ഥാനീയരും പാരായണം ചെയ്യും. ഇത് കൂടാതെ കുട്ടികള്‍ക്കായി രാമായണമാസാചരണത്തോട് അനുബന്ധിച്ച് രാമായണ പ്രശ്നോത്തരി, രാമായണപാരായണ മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം രാമായണമാസചരണ പരിപാടികള്‍ നടക്കും. നാലമ്പലങ്ങളായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം,കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകരഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവ ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: