ന്യൂദല്‍ഹി: രാജ്യത്ത് ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണ്. അതാരും നല്കുന്ന ഔദാര്യമല്ലെന്നും നമ്മള് ജീവിക്കുന്നത് ജനാധിപത്യത്തിലാണെന്നും മന്ത്രി പറഞ്ഞു. പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്ന ഭൂതകാലത്തില്‍ നിന്നു ജനങ്ങള്‍ക്കായി കാത്തിരിക്കുന്ന കാലത്തിലേക്കു മാറുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ ആളുകള്‍ക്ക് ചിന്തിക്കാനാകാതിരുന്ന സ്ഥലങ്ങളില്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ ആരംഭിക്കും. മുന്‍കാലങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങളെ വലിയ അധികാരകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു മാറ്റം വരും.
ജനങ്ങള്‍ നീണ്ട വരികളില്‍ കാത്തു നില്‍ക്കുകയും സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നട്ടം തിരിയുകയും ചെയ്തിരുന്ന കാലത്തിനു മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി. കോല്‍ക്കത്തയിലെ നദിയ ജില്ലയിലെ പാസ്പോര്‍ട്ട് കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: