ന്യൂദല്‍ഹി: ശക്തി വിളിച്ചോതി ഇന്ത്യന്‍ സൈന്യം പൊഖ്റാന്‍ മരുഭൂമിയില്‍ ഹോവിറ്റ്സര്‍ തോക്കുകള്‍ പരീക്ഷിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്കായി അടുത്തിടെ രൂപവത്കരിച്ച സൈനിക വിഭാഗമായ ’17 മൗണ്ടന്‍ സ്ട്രയിക് കോറി’നു വേണ്ടി വാങ്ങിയ തോക്കുകളാണ് ഹോവിറ്റ്സര്‍ (അള്‍ട്രാ ലൈറ്റ് ഹോവിറ്റ്സര്‍).
ബോഫോഴ്സ് അഴിമതി നടന്ന് മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് പുതിയ തോക്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുന്നത്. ഇതിന് മുമ്പ് സ്വീഡനിലെ പ്രതിരോധ ഉപകരണ നിര്‍മാതാക്കളായ ബോഫോഴ്സില്‍ നിന്ന് 1980-ലാണ് ഇന്ത്യ തോക്കുകള്‍ വാങ്ങിയത്.
തോക്കിന്റെ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവയാണ് പ്രധാനമായും സൈന്യം പരിശോധിച്ചത് 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോക്കിന്റെ ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. 2018ഓടെ മൂന്ന് ഹോവിറ്റ്സര്‍ തോക്കുകള്‍ കൂടി സൈന്യത്തിന് പരിശീലനത്തിനായി ലഭ്യമാക്കും.
2019 മാര്‍ച്ച് മുതല്‍ പ്രതിമാസം അഞ്ചു തോക്കുകള്‍ എന്ന നിലയില്‍ സൈന്യത്തിന് നല്കി 2021ഓടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രി ആയിരിക്കെയാണ് അമേരിക്കയില്‍ നിന്ന് 145 ഹോവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കരാറൊപ്പിട്ടത്. 5100 കോടി രൂപയാണ് ഇതിനായി ഇന്ത്യ ചെലവിട്ടത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശ്, ലഡാക്ക് മേഖലകളിലായിരിക്കും ഈ തോക്കുകള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുക. 145 തോക്കുകളില്‍ 25 എണ്ണം വിമാനത്തില്‍ എത്തിക്കും. ബാക്കിയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും . 4,057 കി.മി. ദൈര്‍ഘ്യമുള്ള ചൈന അതിര്‍ത്തിയിലെ ഉയര്‍ന്ന മേഖലകളില്‍ വളരെ വേഗത്തില്‍ ഈ തോക്കുകള്‍ എത്തിക്കാന്‍ സാധിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: