ബെംഗളൂരു: പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്കുള്ള പ്രത്യേക പരിഗണന തെളിയിക്കുന്ന വിഡിയോ ദൃശ്യം ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ നശിപ്പിച്ചതായി ജയില്‍ ഡിഐജി ഡി.രൂപ. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
ജയില്‍ ഓഫീസിലെ വീഡിയോ ക്യാമറയാണ് ഉപയോഗിച്ചത്. ജയില്‍ ഓഫീസിലെ ഉദ്യോഗസ്ഥനോട് വിഡിയോ ഡൗണ്‍ലോഡ് ചെയ്തു പെന്ഡ്രൈവിലാക്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ക്യാമറ തിരികെ കിട്ടിയപ്പോള്‍ വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ശശികലയ്ക്കു ജയിലില്‍ അനുവദിച്ചിരിക്കുന്ന സൗകര്യങ്ങളുടെ തെളിവുകളെല്ലാം വിഡിയോയില്‍ ഉണ്ടായിരുന്നുവെന്നും രൂപ അവകാശപ്പെട്ടു. സന്ദര്‍ശകരെ കാണാന്‍ ശശികലയ്ക്കു പ്രത്യേക സ്ഥലം തന്നെ അനുവദിച്ചിരുന്നു.
വനിതാ സെല്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന ഡിജിപി സത്യനാരായണ റാവുവിന്റെ പ്രസ്താവനയും ഡിഐജി തള്ളി. ജൂലൈ പത്തിനാണു ശശികലയെ പാര്‍പ്പിച്ച സെല്‍ സന്ദര്‍ശിച്ചത്. ജയിലിലെ കൂടുതല്‍ ക്രമക്കേടുകള്‍ ചീഫ് സെക്രട്ടറിക്കു സമര്‍പ്പിക്കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ഡിഐജിയും ജയിലിലെ ഒരു ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം എത്തുന്നതിനു മുന്നോടിയായാണ് ഇരു ഉദ്യോഗസ്ഥരും ജയിലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: