കോട്ടയം: പരുത്തുംപാറ നിവാസികള്‍ക്ക് പേടി സ്വപ്നമായി മാറുകയാണ് അമ്പാട്ട് കടവിലെ പാറക്കുളം. മുങ്ങിമരണങ്ങള്‍ പതിവായതോടെ ഭീതിയോടെയാണ് നാട്ടുകാര്‍ കുളത്തിനെ കാണുന്നത്. എട്ടുപേരാണ് ഇവിടെ മുങ്ങി മരിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ട നിരവധി പേരെയാണ് മരണത്തില്‍ നിന്നും നാട്ടുകാര്‍ രക്ഷപെടുത്തിയിരിക്കുന്നത്. ഇന്നലെ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളുടെ ദാരുണ അന്ത്യം നാട്ടുകാരെ ദുഖത്തിലാഴ്ത്തി. പരുത്തുമ്പാറ തടത്തില്‍ ജോണിയുടെ മകന് ഷാരോണ്‍ (13), ചക്കാലപറമ്പില്‍ പ്രസാദിന്റെ മകന് പ്രണവ് (13) എന്നിവരാണ് മരിച്ചത്.
പത്തുവര്‍ഷം മുന്‍പ് ക്രമാതീതമായി പാറ പൊട്ടിച്ചെടുത്തിരുന്ന ഇവിടെ വലിയ കയമാണ് ഉള്ളത്. വേനല്‍ക്കാലത്തുപോലും വെള്ളമുള്ള ഇവിടെ തുടര്‍ച്ചയായുള്ള മഴയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിനം പ്രതി ഇവിടെ കുളിക്കാനും ചൂണ്ടയിടാനും എത്തുന്നത്.
കുളിക്കാന്‍ എത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലരും അവഗണിക്കുകയാണെന്ന് സമീപവാസികള്‍ പറയുന്നു.
അപകടം ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: