ചേര്‍ത്തല: അരക്കോടിയുടെ അസാധു നോട്ടുമായി ഏഴുപേര്‍ പിടിയില്‍. ഒരു പ്രമുഖനും സംഘത്തിലുണ്ടെന്ന് സൂചന. വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റികൊടുക്കുന്ന കുഴല്‍പ്പണ ശൃംഖലയിലെ കണ്ണികളെയാണ് പോലീസ് കുടുക്കിയത്.
തൃശൂര്‍ കുരിച്ചിറ നെഹ്രുനഗറില്‍ ജൂബിലി സ്ട്രീറ്റ് കുന്നത്ത് ഹനീഷ് ജോര്‍ജ്(39), വയനാട് മുട്ടില്നോര്ത്ത് പരിയാരം കള്ളംപെട്ടിയില് വീട്ടില്‍ സനീര്‍(35), കണ്ണൂര്‍ തളിപറമ്പ് മണിക്കടവ് കല്ലുപുരപറമ്പില് അഖില്‍ ജോര്‍ജ്(24), വര്‍ക്കല ചെറുകുന്നത്ത് മുസലിയാര്‍ കോട്ടേജില്‍ നൗഫല്‍(44), കോഴിക്കോട് താമരശേരി പുതുപ്പാടി ആനാറമ്മല് കബീര്‍(33), ഉണ്ണിക്കുളം മടുത്തുമ്മേല്‍ മുഹമ്മദ് അലി(39), മൂവാറ്റുപുഴ ആവേലി രണ്ടാര്‍ നെടിയാമല ആരിഫ്(35) എന്നിവരെയാണ് ദേശീയപാതയില്‍ ചേര്‍ത്തല എക്സ്റേ കവലയ്ക്ക് സമീപത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ച ആഡംബര കാറുകളില്‍ നിന്ന് 13 പാസ്പോര്‍ട്ടുകളും ഒന്‍പത് മൊബൈല്‍ ഫോണുകളും പുരാതനമായ പഞ്ചലോഹ ശംഖും കണ്ടെടുത്തു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകള്‍ രണ്ട് ബാഗുകളിലായാണ് കാറില്‍ സൂക്ഷിച്ചിരുന്നത്. മണ്ണഞ്ചേരി, കലവൂര്‍, ചേര്‍ത്തല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടരകോടി രൂപയുടെ കൈമാറ്റം ഇവര്‍ നടത്തിയതായി പോലീസിന് സൂചന ലഭിച്ചു.
കമ്മീഷന് വീതം വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവരം പോലീസിന് ചോര്ന്നുകിട്ടുന്നതിന് സഹായകമായത്. തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ സംഘത്തെ കുടുക്കുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് ജീപ്പ് കണ്ട ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇടപാടുകാരെന്ന നിലയില്‍ ബന്ധപ്പെട്ടാണ് പോലീസ് ഇവരെ കുടുക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനിലക്കാരുള്ള സംഘം ഒരു ലക്ഷത്തിന് 25,000 രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കും. ഒരു കോടി രൂപ തികയുമ്പോള്‍ തുക ഹനീഷ് ജോര്‍ജിനെ ഏല്‍പ്പിക്കും. ഇയാള്‍ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ തുക മാറ്റിയെടുക്കുകയാണ് ചെയ്തിരുന്നത്. ഒരുകോടി രൂപ മാറുമ്പോള്‍ ഒരാള്‍ക്ക് 2.25 ലക്ഷം രൂപ വീതം ശമ്പളമായി നല്‍കിയിരുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നതായാണ് വിവരം.
തൃശൂരില്‍ സ്വര്ണകടയും വസ്ത്രശാലയും ഉള്‍പ്പെടെ നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ള ഹനീഷാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. മണ്ണൂത്തിയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പിടിയിലായ പ്രതികളില്‍ വിദേശത്തു നിന്നു മടങ്ങിവന്നവരും കമ്പനി സെയില്‍സ് മേഖലയില്‍ ജോലി ചെയ്തിരുന്നവരും ഉണ്ട്. സംഘം സഞ്ചരിച്ച ഒന്നരക്കോടിയോളം വിലയുള്ള ആഡംബര കാര്‍ ഹനീഷിന്റെ സുഹൃത്ത് തൃശൂര്‍ സ്വദേശി ബിജുമോന്റെ ഉടമസ്ഥതയിലും മറ്റൊന്ന് പ്രതി ആരിഫിന്റെ സുഹൃത്ത് സിനാജില്‍ നിന്നു വാടകയ്ക്ക് എടുത്തതുമാണ്.
ആലപ്പുഴയില്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ ഇടപാടുകള്‍ നടന്നിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ പ്രമുഖനുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കാതെ പ്രതി ചേര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രതികള്‍ ഇയാളുടെ പേര് പോലീസിനോട് പറഞ്ഞെങ്കിലും വ്യക്തത വരുത്തുന്നതിനായി ഏതാനും പേരെ കൂടി ചോദ്യം ചെയ്തുവരുകയാണ്.
ഇന്റലിജന്‍സ് ബ്യൂറോ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള സംഘവും ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു. ആയൂര്‍വേദ വൈദ്യന് നല്കിയ ശംഖാണ് തങ്ങളുടെ കൈവശമുള്ളതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞതെങ്കിലും അതിപുരാതനമായ ക്ഷേത്രങ്ങളില്‍ നിന്നോ രാജകുടുംബങ്ങളില്‍ നിന്നോ അപഹരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അസാധു നോട്ട് കൈമാറ്റത്തിനും അനധികൃതമായി പാസ്പോര്‍ട്ട് കൈവശം വയ്ക്കലിനും പുരാവസ്തു കടത്തലിനും ഇവര്‍ക്കെതിരെ മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ഐ സി.സി. പ്രതാപചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: