മറയൂര്‍: മറയൂരില്‍ ഒരാഴ്ചക്കിടെ മോഷണം പോയത് 15 ചന്ദനമരങ്ങള്‍. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും വനാതിര്‍ത്തിയിലും നിന്നിരുന്ന മരങ്ങളാണ് മോഷണം പോയവയില്‍ അധികവും. കഴിഞ്ഞ രാത്രി മറയൂര്‍ റേഞ്ചില്‍പ്പെട്ട പുറവയല്‍ വനാതിര്‍ത്തിയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും ആറ് മരങ്ങളാണ് കവര്‍ന്നത്.
അതിര്‍ത്തിയിലെ ജണ്ടയോട് ചേര്‍ന്ന് നിന്ന രണ്ട് മരവും സമീപത്തെ കൃഷിയിടത്തിലെ കനാലിനോട് ചേര്‍ന്ന് നിന്ന നാല് മരവുമാണ് ഒറ്റ രാത്രി കൊണ്ട് വെട്ടിക്കടത്തിയത്. പാറ പൊട്ടിച്ച മാറ്റിയാണ് മരങ്ങള്‍ മുറിച്ച് എടുത്തത്. മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷം പാറക്കഷണങ്ങള്‍ വച്ച് കുറ്റികള്‍ മറച്ചു വച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കരിമുട്ടിയിലും പട്ടം കോളനിയിലും 9 ചന്ദന മരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പുറവയലില്‍ നിന്നും ചന്ദന മരങ്ങള്‍ നഷ്ടപ്പെട്ടത്.വനം വകുപ്പിനെയും, പോലീസിനെയും തുടര്‍ച്ചയായി ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടി കടത്തുന്നത് ഞെട്ടിച്ചിരിക്കുകയാണ്.
മേഖലയില്‍ ചില്ലി കൊമ്പന്റെ ശല്യം രൂക്ഷമായി തുടരുന്നതിനാല്‍ രാത്രി സമയത്ത് ആരും പുറത്ത് ഇറങ്ങാറില്ല, കൃഷിയിടങ്ങളില്‍ കാവല്‍ കിടക്കാറുമില്ല. ഇത് മുതലാക്കിയാണ് മോഷണം. 20 ലക്ഷത്തിലധികം വിലമതിക്കുന്ന ചന്ദന മരങ്ങളാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. വനാതിര്ത്തിയിലായതിനാല് ആരും പരാതി നല്‍കിയിട്ടില്ല. വനം, പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരികയാണ്. മോഷ്ടിച്ച് മരങ്ങള്‍ കണ്ടെത്താന്‍ മുമ്പ് ഇത്തരത്തില്‍ തടികള്‍ കണ്ടെത്തിയ ഡോഗ് സ്ക്വാഡിനെ എത്തിക്കണമെന്ന ആവശ്യവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: