തൃശൂര്‍: രാമയണമാസം ആരംഭിക്കാനിരിക്കെ നാലമ്പല ദര്‍ശനത്തിനായി ക്ഷേത്രങ്ങള്‍ ഒരുങ്ങി.
രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നാണ് വിശ്വാസം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. നാലു വിഗ്രഹങ്ങളും ഒരേ ദിവസമാണു പ്രതിഷ്ഠിച്ചതെന്നാണു സങ്കല്പം. നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തണമെന്നു പറയുന്നതും അതുകൊണ്ടുതന്നെ. ഹനുമല്‍ സാന്നിധ്യം എല്ലാ ക്ഷേത്രങ്ങളിലുമുണ്ടെന്നാണ് വിശ്വാസം.
തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം: ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠ. ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും ഇടയിലായി തീവ്രാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ശീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശൂരില്‍ നിന്നു ചേര്‍പ്പു വഴിയും ക്ഷേത്രത്തിലെത്താം. തൃപ്രയാര്‍ ജംക്ഷനില്‍ നിന്നു കിഴക്കോട്ട് ഒരുകിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലെത്താന്‍.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം: തൃപ്രയാറില്‍ ശ്രീരാമസ്വാമിയെ തൊഴുതു കഴിഞ്ഞാല്‍ അടുത്തതായി വണങ്ങേണ്ടത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭരതസ്വാമിയെയാണ്. തൃപ്രയാറില്‍ നിന്ന് ഏകദേശം 17 കിലോമീറ്റര്‍ അകലെയാണിത്.ഭരതന്റെ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം ക്ഷേത്രം.മറ്റുക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ പൂജയ്ക്ക് കര്‍പ്പൂരമോ ചന്ദനത്തിരിയോ ഉപയോഗിക്കാറില്ല. പുത്തരിനിവേദ്യത്തിന്റെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.
തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം: നാലമ്പല ദര്‍ശനത്തിന്റെ അടുത്ത ഊഴം എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രമാണ്. ഇരിങ്ങാലക്കുടയില്‍ നിന്ന് മാള, അന്നമനട വഴി ആറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. സല്സന്തതിക്കായി അംഗുലിയാങ്കം കൂത്ത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ലക്ഷ്മണസ്വാമിക്ക് പ്രധാനവഴിപാട് കദളിപ്പഴവും പാല്‍പ്പായസമാണ്.
പായമ്മല്‍ ശ്രീ ശത്രുഘ്നക്ഷേത്രം: നാലമ്പലങ്ങളില്‍ അവസാനത്തേത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രമാണ്. ഇരിങ്ങാലക്കുട മതിലകം വഴിയില്‍ അരീപ്പാലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍. ലവണാസുര വധത്തിനു തയ്യാറായി ക്രോധത്തോടെ നില്ക്കുന്ന ശത്രുഘ്നനാണ് ഇവിടത്തെ പ്രതിഷ്ഠ. പായമ്മല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം അന്നുതന്നെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ തിരിച്ചെത്തിയാലേ നാലമ്പലദര്‍ശനം പൂര്‍ണമാകൂവെന്നാണ് വിശ്വാസം. കര്‍ക്കിടകം ഒന്നുമുതല്‍ അഭൂതപൂര്‍വമായ തിരക്കാണ് നാലമ്പലദര്‍ശനത്തിന് അനുഭവപ്പെടുക. തിരക്ക് കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തിയതായി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: