ആലപ്പുഴ: വിവിധ ജില്ലകളില്‍നിന്നുള്ള കൂടുതല്‍ വള്ളംകളി മത്സരങ്ങളെ ഉള്‍പ്പെടുത്തി വിപുലമായി നടത്തുന്നതിന് കേരള ബോട്ട് റേസ് ലീഗ്(കെ.ബി.എല്‍.) അടുത്തവര്‍ഷത്തേക്ക് മാറ്റിയതായി മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ സാന്നിധ്യത്തില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് നടത്തിപ്പില്‍ കൂടുതല്‍ വള്ളംകളികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ അവയെക്കൂടി ഉള്‍ക്കൊള്ളുംവിധത്തില്‍ നിയമാവലി പരിഷ്കരിക്കും. നിലവില്‍ നെഹ്റു ട്രോഫിയില്‍ തുടങ്ങി തൃശൂര്‍ കോട്ടപ്പുറത്ത് അവസാനിക്കുംവിധം ഒമ്പതു വള്ളംകളികളെയാണ് ലീഗില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കൊല്ലം ജില്ലയിലെ വള്ളംകളികളെ ലീഗിന്റെ ഭാഗമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം തയാറെടുപ്പിന് കുറച്ചു സമയമേ ലഭിക്കുന്നുള്ളൂവെന്ന പരാതിയും പലരും ഉന്നയിച്ചിട്ടുണ്ട്. ലീഗിന്റെ മത്സരകാലയളവ് കുറച്ചു മാസങ്ങള്‍ കൂടി നീട്ടി കൂടുതല്‍ വള്ളംകളികളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നു. അതിനാലാണ് അടുത്തവര്‍ഷത്തേക്ക് ലീഗ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: