വര്‍ക്കല: കര്‍ക്കിടകവാവ് പ്രമാണിച്ച് വര്‍ക്കല പാപനാശത്ത് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
ചക്രതീര്ഥക്കുളത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായില്ലെങ്കിലും പാപനാശത്ത് പിതൃതര്‍പ്പണം നടത്തുന്ന ഭക്തര്‍ക്ക് കുളം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കും. കുളത്തിലെ ചെളിയും പായലും നീക്കി വൃത്തിയാക്കിയിട്ടുണ്ട്. പഴയ ഓവും പുനഃസ്ഥാപിച്ചു. വറ്റിച്ചതിനെത്തുടര്‍ന്ന് കുളത്തില്‍ ഇപ്പോള്‍ വെള്ളം കുറവാണ്. വാവിന് ആവശ്യത്തിന് വെള്ളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ജലഅതോറിറ്റി 5000 ലിറ്റര്‍ ശേഷിയുള്ള 16 ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കും. ഷവര്‍ സംവിധാനവും ഒരുക്കും.
ഊട്ടുപുരയില്ലാത്തതിനാല് അന്നദാനത്തിന് പ്രത്യേകം പന്തല്‍ സ്ഥാപിക്കുമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. സ്ഥിരം പാര്‍ക്കിങ് സ്ഥലമായ ഗസ്റ്റ്ഹൗസ് ഗ്രൗണ്ടില്‍ രംഗകലാകേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇത്തവണ അവിടം പാര്‍ക്കിംഗിന് ഉപയോഗിക്കാനാകില്ല. പകരം സ്ഥലം കണ്ടെത്താന്‍ പോലീസിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. സുരക്ഷാ ചുമതലയ്ക്കായി ആയിരം പോലീസുകാരുടെ സേവനം ലഭ്യമാക്കും. വനിതാ, ഷോഡോ പോലീസിനെ വിന്യസിക്കുകയും സിസിടിവി ക്യാമറാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഭക്തരില്‍ നിന്നു ദക്ഷിണയായി വലിയതുക ചോദിച്ചുവാങ്ങുന്നത് ഒഴിവാക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. പാപനാശത്തേക്കുള്ള റോഡുകളിലെ ഇരുവശത്തെയും കാട് വെട്ടിത്തെളിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യുമെന്ന് പിഡബ്ല്യുഡി അറിയിച്ചു. കെഎസ്ആര്‍ടിസി എല്ലാ ഡിപ്പോകളില്‍ നിന്നും കൂടുതല്‍ ബസുകള്‍ ഓടിക്കും. നഗരസഭ ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിക്കുകയും തെരുവുവിളക്കുകള്‍ കത്തിക്കുകയും ചെയ്യും.
വി. ജോയി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എഡിഎം ജോണ്‍ വി. സാമുവല്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, വര്‍ക്കല തഹസില്‍ദാര്‍ രാജു, നഗരസഭ കൗണ്‍സിലര്‍മാര്‍, ക്ഷേത്രഉപദേശകസമിതി ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: