കൊച്ചി: പോലീസ് ആസ്ഥാനത്തെ വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സിപിഎമ്മും മതതീവ്രവാദികളും തമ്മിലുള്ള ചങ്ങാത്തമാണ് ഈ രാജ്യദ്രോഹകേസ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. യുഡിഎഫ് ഇക്കാര്യത്തിൽ ദുരൂഹമായ മൗനമാണ് പുലർത്തുന്നത്. ഒരു വശത്ത് സെൻകുമാറിനെതിരെ കേസ്. മറുവശത്ത് തീവ്രവാദികളെ തലോടൽ. ഈ തലതിരിഞ്ഞ നയത്തിനെതിരെ ജനങ്ങൾ ഒററക്കെട്ടായി രംഗത്തുവരണം. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം.
കേരളത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇ-മെയിൽ കേസ്. പോലീസ് ഹൈടെക്ക് സെൽ എസ്.ഐ ആയിരുന്ന ബിജു സലീമിനെ ഉപയോഗിച്ച് ജമാ അത്ത് എ ഇസ്ലാമി നേതൃത്വം മതസ്പർദ്ദയും കലാപവുമുണ്ടാക്കാൻ നടത്തിയ ഒന്നാന്തരം ഗൂഡാലോചന. ഹൈടെക്ക് സെല്ലിലെ കംപ്യട്ടറിൽ നിന്ന് മെയിലുകൾ ചോർത്തി ആവശ്യാനുസരണം വെട്ടി ഒട്ടിച്ച് കേരളത്തിലെ മുസ്ളീങ്ങളെ ഭരണകൂടം വേട്ടയാടുന്നു എന്ന് വരുത്തി വൻ കുപ്രചാരണം അഴിച്ചുവിടാനുദ്ദേശിച്ച് നടത്തിയ നിഗൂഡനീക്കം.
ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വൻപ്രചാരണം നടന്നു. അവസാനം അന്വേഷണമായി കേസായി. ഗൂഡാലോചനയിൽ പത്രാധിപർ ഉൾപ്പെടെ പ്രമുഖർ പ്രതികളായി. മാറിമാറി ഭരിച്ച സർക്കാരുകൾ അന്വേഷണം അട്ടിമറിച്ചു. ഇപ്പോൾ ഒ.അബ്ദുറഹിമാന്റെ അപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: