നമ്മുടെ പോലീസുകാരെല്ലാം മനശാസ്ത്ര വിദഗ്ധരോ ഭ്രാന്തിനു ചികിത്സിക്കുന്ന ഡോക്ടര്‍മാരോ ആണോ? കോഴിക്കോട് സ്ക്കൂള് പരിസരത്ത് ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച കേസില്‍ പിടിയിലായ ആള് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പെട്ടെന്നു പ്രഖ്യാപിച്ചു കളഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ കുട്ടിയെ കത്തിക്കു കുത്തിയത്. രക്ഷപെട്ടോടിയ ഇയാളെ നാട്ടുകാരാണ് പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചത്. അയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് പോലീസ് കണ്ടെത്തി.
കത്തിയുമായി ഒരാള്‍ സ്ക്കൂള് പരിസരത്തെത്തി ഒരു പ്രകോപനവുമില്ലാതെ ഒരുകുട്ടിയെ കുത്തിക്കൊന്ന് ഓടി രക്ഷപെടാന്‍ ഓടുന്നു. പോലീസ് ഉടനെ പ്രകാപിക്കുന്നു അയാള്‍ മാനസീകരോഗിയാണെന്ന്. എന്തര്‍ഥത്തിലാണ് പോലീസ് ഇയാള്‍ മാനസീകരോഗിയാണെന്നുറപ്പിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍. നാളുകളായി ചിലകൊലക്കേസ് പ്രതികളെ പോലീസ് ഇങ്ങനെ പെട്ടെന്ന് ഭ്രാന്തന്മാരാക്കുന്നുണ്ട്. സ്ക്കൂള്‍കുട്ടി കൊല്ലപ്പെട്ട സംഭവം വായിച്ചപ്പോഴും പോലീസിന്റെ പെട്ടെന്നുള്ള കണ്ടെത്തല്‍ മനസിലാകുന്നില്ല. ആരാന്റെ പുള്ള ചത്താല്‍ നമുക്കെന്ത്. വെറുതെ കേസും കുട്ടീശൊരവുമായി വെറുതെ സമയം കളയാന്‍ ആരെക്കൊണ്ടാവും എന്നാണോ പോലീസിന്റെ മനസിലിരിപ്പെങ്കില്‍ മറ്റൊന്നും പറയാനില്ല.ഇങ്ങനെ ആര്‍ക്കുംവേണ്ടാത്ത ആരുടേയൊക്കെ വേണ്ടപ്പെട്ടവരും ബന്ധുക്കളുമൊക്കെ നിത്യവും ചത്തുംകൊന്നും തീരുന്നുണ്ടല്ലോ!
ഇനി പോലീസ് പറയുന്നതുപോലെ അയാള്‍ മാനസികരോഗിയായിരിക്കാം.ഊരിപ്പിടിച്ച കത്തിയുമായി ഓടിച്ചെന്നു ഒരുമാനസികരോഗിക്കു അയാളുടെ വിഭ്രാന്തിയില്‍ ഒരു പൈതലിനെ കുത്തിക്കൊല്ലാവുന്ന പേപിടിച്ച സാമൂഹികാന്തരീക്ഷമാണ് നമ്മുടെ നാട്ടില്‍ നിലനില്ക്കുന്നതെന്നു വേണം മനസിലാക്കേണ്ടത്. ഇത്രയുംകാലം പൊന്നുപോലെ വളര്‍ത്തിയ മകന് ഒരു ഭ്രാന്തന്റെ പിച്ചാത്തിപ്പിടിയില്‍ തീര്‍ന്നുവെന്നു ആ കുട്ടിയുടെ മാതാപിതാക്കള്‍ ആശ്വസിക്കണം അല്ലേ!എന്തു മാനസികാവസ്ഥയിലാണു കേരളം.
നിത്യവും ആരുടേയോ പിച്ചാത്തിപ്പിടിയിലും ബോംബിലുമൊക്കെയായി ആരെക്കെയോ പെരുവഴിയില്‍ തീരുന്നുണ്ട്. ഇതിനെല്ലാം പോലീസിനെ കുറ്റപ്പെടുത്താനാവില്ല.
പക്ഷേ ഒന്നുണ്ട്, കുറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം അനിവാര്യകാമേണ്ട അവശ്യ സര്‍വീസ് മാത്രമല്ല പോലീസ്. സാമൂഹ്യ സുരക്ഷ എന്നുള്ളത് ഒത്തിരി അടരുകളുള്ള സംവിധാനമാണ്. കുറ്റങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മനസിലാക്കുകയും അതു നിരീക്ഷിക്കുകയും അതിനെതിരെ ജാഗ്രതപുലര്‍ത്തി അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കലിന്റെയും കൂടി സംവിധാനമാണ് പോലീസ്.അതും ചേര്‍ന്നതാണ് ആഭ്യന്തര സുരക്ഷ.
ആള്‍ക്കൂട്ടത്തിലും അവയുടെ പരിസരങ്ങളിലും ഒറ്റയ്ക്കും തെറ്റയ്ക്കും കത്തിയും വടിവാളും ബോംബും മറ്റുമായി കള്ളും കഞ്ചാവും പെണ്‍വാണിഭവവും രാജ്യദ്രോഹവുംമൊക്കെയുള്ള, പോലീസ് പറയുന്ന മാനസീകാസ്വാസ്ഥ്യം ഉള്ളവരും അല്ലാത്തവരുമായവര്‍ പകല്‍വെളിച്ചത്തില്‍ പൊതു സമൂഹത്തെ ഭയപ്പെടുത്തി അലയുന്നുണ്ട്. അവരില്‍നിന്നും പൗരസമൂഹത്തിന് എന്തു സുരക്ഷയാണുള്ളത്. അവരാല്‍ കൊല്ലപ്പെട്ടതിനുശേഷം പോലീസ് അന്വേഷിക്കുമല്ലോ എന്ന മുടന്തന്‍ ന്യായത്തിനാണോ പ്രസക്തി. അതു മനസിലാവണമെങ്കില്‍ നമ്മെ ഭരിക്കുന്നവര്‍ മാനസികമായി വളരണം. ജനത്തെ പാര്‍ട്ടിക്കതീതമായി മനുഷ്യരായി കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: