കണ്ണൂര്‍: ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ വിപുലമായ രീതിയിലുള്ള ജലപാര്‍ലമെന്റ് സംഘടിപ്പിക്കും. പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിന്റേതാണ് തീരുമാനം. 25നാണ് ജലപാര്‍ലമെന്റ്. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 19ന് രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ജലക്ഷാമമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കും.
മഴ കൂടുതല്‍ ലഭ്യമാകുന്ന ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജലസംഭരണവും സംരക്ഷണവും കാര്യക്ഷമാക്കുന്നതിനാണ് ശ്രമം. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ ജലസ്രോതസുകളിലും തോടുകളിലും 200 മീറ്റര്‍ ഇടവിട്ട് തടയണ നിര്‍മിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, അയല്‍ക്കൂട്ടം ഭാരവാഹികള്‍, സിഡിഎസ് ചെയര്പേഴ്സണ്മാര്, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ജലപാര്‍ലമെന്റില്‍ പങ്കെടുപ്പിക്കുക.
മഹാരാഷ്ട്രയിലെ ഹിവറെ ബസ്സാര്‍ പഞ്ചായത്തിന്റെ നീര്‍ത്തടാധിഷ്ഠിത വികസന പരിപാടിയുടെ അനുഭവം നമുക്കും മാതൃകയാക്കാവുന്നതാണെന്ന് പ്രസിഡണ്ട് പറഞ്ഞു. ജലസംരക്ഷണത്തിലെ അവരുടെ പ്രവര്‍ത്തനം മാതൃകയാണ്. 200-300 മില്ലിമീറ്റര്‍ മഴ മാത്രം ലഭിച്ചിരുന്ന മഹാരാഷ്ട്രയിലെ ഹിവറെ ബസ്സാര്‍ പഞ്ചായത്തിന് നീര്‍ത്തടാധിഷ്ഠിത വികസന പരിപാടിയിലൂടെ ജല സ്വയംപര്യാപ്ത ഗ്രാമമായി മാറാന്‍ സാധിച്ചുവെന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ്. കില സംഘടിപ്പിച്ച എക്സ്പോഷര്‍ വിസിറ്റിന്റെ ഭാഗമായി ജലസംരക്ഷണ പാഠങ്ങളുടെ സര്‍വകലാശാലയായി വിശേഷിപ്പിക്കാവുന്ന ഹിവാരെ ബസാറിലെ അനുഭവങ്ങള്‍ ജില്ലയില്‍ ജലസംരക്ഷണത്തിന് എങ്ങനെ മാതൃകയാക്കാമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജന്റില്‍ വുമണ്‍ പദ്ധതി ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകളും പരിശീലന പരിപാടികളും നടത്തും. പാല് സ്വയംപര്യാപ്തമാക്കുന്നതിനായി ക്ഷീരമേഖലയ്ക്ക് 1 കോടി രൂപ നല്‍കിയതായും പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.
ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള ഇ ഹെല്‍ത്ത് പദ്ധതിയില്‍ രജിസ്ട്രേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരിശീലനം തുടങ്ങിയതായി ഡപ്യൂട്ടി ഡി.എം.ഒ ഡോ മനോജ് യോഗത്തില്‍ അറിയിച്ചു. ആധാര്‍ അടിസ്ഥാനമാക്കിയാണ് ജനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ വി.കെ.സുരേഷ്ബാബു, കെ.പി ജയബാലന്‍, ടി.ടി.റംല, കെ.ശോഭ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: