കോഴിക്കോട്: കല്ലായി പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ അധികൃതര്‍ ഇന്നലെ നടത്തിയ സര്‍വ്വേയില്‍ നഗരം, കസബ വില്ലേജുകളിലായി നാലര ഏക്കര്‍ കയ്യേറ്റം കണ്ടെത്തി. വ്യാഴാഴ്ച നടത്തിയ സര്‍വ്വേയില്‍ ഒരേക്കര്‍ കയ്യേറ്റം കണ്ടെത്തുകയും കയ്യേറ്റ ഭൂമിയില്‍ കല്ലിടുകയും ചെയ്തിരുന്നു.
നഗരം വില്ലേജില്‍ 500 മീറ്റര്‍ അളന്നപ്പോഴാണ് ഒന്നര ഏക്കര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയതായി കണ്ടെത്തിയത്. ഇതില്‍ 10 കെട്ടിടങ്ങളുണ്ട്. കസബ വില്ലേജില്‍ അരകിലോമീറ്റര്‍ അളന്നപ്പോള്‍ മൂന്ന് ഏക്കര്‍ കയ്യേറ്റം കണ്ടെത്തി. ഇതില്‍ ഒമ്പത് കെട്ടിടങ്ങളുണ്ട്. വ്യാഴാഴ്ച കല്ലിട്ട് വേര്‍തിരിച്ച ഒരേക്കര്‍ ഭൂമിയില്‍ എട്ട് കെട്ടിടങ്ങളുണ്ട്. അളന്നുതിട്ടപ്പെടുത്തിയ ഭൂമിയില്‍ ജണ്ട കെട്ടുന്നതിനായി കോര്പ്പറേഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍വ്വേ നടപടികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാവും. വേര്‍തിരിക്കപ്പെട്ട ഭൂമിയില്‍ വീണ്ടും കയ്യേറ്റം നടത്താന്‍ അനുവദിക്കില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു.
കനോലി കനാലിന്റെ എലത്തൂര്‍, പുതിയങ്ങാടി, വേങ്ങേരി വില്ലേജുകളില്‍പ്പെട്ട 6.5 കിലോമീറ്റര്‍ പ്രദേശവും ഇന്നലെ സര്‍വ്വേ നടത്തി. കനോലി കനാല്‍ വികസനത്തിനായി രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അദ്ദേഹം പറഞ്ഞു.
സര്‍വ്വേ നടപടികള്‍ക്ക് തഹസില്‍ദാര്‍ ഇ. അനിതകുമാരി, വില്ലേജ് ഓഫീസര്‍മാരായ ഉമാകാന്ത്, ടി. ബാബുരാജ്, സര്‍വ്വേയര്‍മാരായ വി.കെ. ഷിംജു, വിനോദ്, സജിത്, എച്ച്ഐ വി.കെ. ശുഭറാം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: