ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീക്ഷേത്രത്തില് കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി രാമായണ സപ്താഹ യജ്ഞം 16 മുതല്‍ 23 വരെ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തുറ യജ്ഞാചാര്യ ആയിരിക്കും. ആര്.ബാബു യജ്ഞപൗരാണിക കര്‍മ്മിയും വിഷ്ണു നമ്പൂതിരി യജ്ഞ ഹോതാവും ആയിരിക്കും. 16ന് ആചാര്യവരണം നടക്കും. വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ മുഴക്കുന്ന് ടൗണില്‍ നിന്നും ആചാര്യനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഷ്ണുസഹസ്രനാമാര്‍ച്ചന, ശ്രീരാമ നാമ അര്‍ച്ചന, രാമായണ പാരായണം, രാമനാമ പരിക്രമ ആരതി, പ്രഭാഷണം എന്നിവ യജ്ഞ വേദിയില്‍ നടക്കും. 20ന് ഉച്ചക്ക് ഗുരുവായൂരപ്പ ദര്‍ശന കര്‍മ്മം, 21ന് സര്‍വൈശ്വര്യപൂജ, സീതാ സ്വയംവര ഘോഷയാത്ര, 22ന് ഉച്ചക്ക് ശ്രീരാമ മഹായജ്ഞം വൈകീട്ട് വിദ്യാഗോപാല മന്ത്രപൂജ എന്നിവ നടക്കും. 23ന് രാവിലെ 9.30തോടെ യജ്ഞചടങ്ങുകള് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യുട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത്, ഭാരവാഹികളായ മുരളി മുഴക്കുന്ന്, പി.ഗോപിനാഥ്, ഇ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: