പീരുമേട്: ജിഎസ്ടിയുമായി ബന്ധപ്പെട്ട് കോഴിക്കച്ചവടക്കാര്‍ വില കുറയ്ക്കില്ലെന്ന് പറയുമ്പോഴും താലൂക്കില്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് നൂറിലേറെ കടകള്‍.
പഞ്ചായത്ത് അനുശാസിക്കുന്ന വിധമുള്ള പരിസരവൃത്തിയും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒന്നും തന്നെ ഇല്ലാതെയാണ് ഓരോ കോഴിക്കടകളും പ്രവര്‍ത്തിക്കുന്നത്. ഇതിന് ഉദാഹരണമാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വക മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കട. മാലിന്യം ഓടയിലേക്കാണ് ഒഴുക്കുന്നത്. പെരിയാര്‍ പാലത്തിന് സമീപമുള്ള രണ്ട് കോഴിക്കടയിലേയും മാലിന്യവും പെരിയാര്‍ നദിയിലേക്കാണ് ഒഴുക്കുന്നത്. സമീപ വ്യാപാരികള്‍ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയിരിക്കേണ്ട ഗതികേടിലാണ്. തിരക്കുള്ള സമയങ്ങളിലാണ് കോഴിയുമായി ലോറി എത്തുന്നതും. ഇതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കോഴിക്കടക്കാര്‍ പഞ്ചായത്ത് ലൈസന്‍സ് എടുക്കാത്തതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടാകുന്നത്.
പൊതുജനാരോഗ്യത്തിന് ബുദ്ധിമുട്ടായ വ്യാപാരം നിര്‍ത്തലാക്കി പഞ്ചായത്തിന്റെ നിയമാനുസ്രതമായി ലൈസന്‍സ് നല്കി കട തുടങ്ങുവാന്‍ വേണ്ട നടപടിയെടുക്കണമെന്നും ആരോഗ്യ വകുപ്പും വേണ്ട ശ്രദ്ധ പതിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: