ഭിക്ഷ നല്കിയില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കരുതെന്ന് പറയാറുണ്ട്. ആര് കേള്‍ക്കാന്‍? പട്ടികജാതിക്കാരോടും പാവപ്പെട്ടവരോടും കൂറു പ്രഖ്യാപിക്കുകയും കൊടുംക്രൂരത കാട്ടുകയും ചെയ്യുന്ന പാര്‍ട്ടി, അതായിരിക്കുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അടിസ്ഥാനവര്‍ഗത്തിന്റെ അത്താണിയെന്നവകാശപ്പെടുന്ന മാര്‍ക്സിസം പട്ടികജാതിക്കാരന്റെ അന്തകവിത്തായി മാറിയോ? സംശയം ഉയരുന്നത് പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് നടക്കുന്ന അനീതി കാണുമ്പോഴാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം പട്ടികജാതിക്കാര്‍ പീഡിപ്പിക്കപ്പെടുകയാണ്. പയ്യന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ വനിതയ്ക്കെതിരെ നടത്തിയ പകവീട്ടല്‍ പലകുറി പറഞ്ഞതാണ്. അതാവര്ത്തിക്കുന്നില്ല. തലശ്ശേരിയിലും പാലക്കാട്ടും കോട്ടയത്തുമെല്ലാം പട്ടികജാതിക്കാരെ പേപ്പട്ടിയെക്കാളും മോശപ്പെട്ട നിലവാരത്തിലാണ് കൈകാര്യം ചെയ്യുന്നത്. അദ്ധ്യാപകരേയും പ്രിന്‍സിപ്പല്‍മാരെപോലും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സിപിഎമ്മും പോഷക സംഘടനകളും അത് നിര്‍ബാധം തുടരുകയാണ്.
സമ്പന്നരുടേയും സവര്‍ണരുടേയും പാര്‍ട്ടിയാണ് ബിജെപിയെന്ന് നാഴികയ്ക്ക് നാല്‍പത്വട്ടമാണ് ആക്ഷേപിക്കുന്നത്. ആ ബിജെപി രാഷ്ട്രപതിയായി ഒരു പിന്നാക്കക്കാരനെ നിശ്ചയിച്ചിരിക്കുന്നു. കെ.ആര്. നാരായണനെ പൂര്‍ണപിന്തുണ നല്കി രാഷ്ട്രപതിയാക്കിയ പാര്‍ട്ടിയാണ് ബിജെപി. ഈ സര്‍ക്കാര്‍ പട്ടികജാതിക്കാരുടെ ഉന്നതിക്കായി സമയവും സമ്പത്തും വിനിയോഗിക്കുന്നു. പട്ടികജാതി ഭൂരഹിത വിഭാഗത്തിന് ഭൂമിയും ഭവനവും നല്‍കാത്തത് പോകട്ടെ; ഉള്ളത് സംരക്ഷിക്കാനും മനസ്സുവയ്ക്കുന്നില്ല. മാത്രമല്ല, ആട്ടി ഇറക്കാനും ഭൂമി തട്ടിപ്പറിക്കാനും തയ്യാറാകുന്നു. അല്ലെങ്കില്‍ കൂട്ടുനില്‍ക്കുന്നു. അതാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ നടക്കുന്നത്. ഇവിടെ കിള്ളിയിലെ 24 സെന്റ് ഭൂമിയും വീടും പട്ടികജാതിയില്‍പ്പെട്ട കുമാരിക്ക് നഷ്ടപ്പെട്ടു. സിപിഎം പ്രമാണിയുടെ കൈവശം അതെത്തിയതിനു പിന്നില്‍ കൊടുംവഞ്ചനയുടെ ചരിത്രമുണ്ട്. 1927 മുതല്‍ ശാന്തപ്പൂ തുടങ്ങി തലമുറകള്‍ താമസിച്ചു വരികയും ചെയ്ത ഭൂമി, കുമാരിയും കുടുംബവും അടങ്ങുന്ന 8 അംഗങ്ങള്‍ താമസിച്ച ഭൂമി. 168/3 എന്ന സര്‍വ്വെ നമ്പരിലുള്ള വസ്തു അവര്‍ക്ക് നഷ്ടപ്പെട്ടു. 1967ല്‍ ഇന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ പിതാവ് ഇതേ സര്‍വ്വേ നമ്പറിലുള്ള ഭൂമി വിലയ്ക്കുവാങ്ങുകയുണ്ടായി. അന്നും പട്ടികജാതിയില്‍പ്പെട്ട ഈ കുടുംബം അവിടെ താമസിച്ചുവരുന്നു. ഭൂമിയുടെ അതിരുകളില്‍ ഒന്നായി രേഖയില്‍ പറഞ്ഞത് കുമാരിയുടെ പുരയിടം എന്ന്. 1972-മുതല്‍ റീസര്‍വ്വെ നടന്നതിനുശേഷവും ഈ കുടുംബത്തിന് തന്നെ അവകാശപ്പെട്ടതാണെന്ന് എല്ലാ റവന്യൂരേഖകളും സാക്ഷ്യപ്പെടുത്തുന്നു.
2004 വരെ ഈ സര്‍വ്വെ നമ്പരില്‍പ്പെട്ട 24 സെന്റ് വസ്തുവില്‍ കരം ഒടുക്കിയിരുന്നത് കുമാരിയും കുടുംബവുമാണ്. എന്നിട്ടും അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും മാടമ്പിത്തരത്തിന്റെയും ഹുങ്ക് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി കുമാരിയേയും കുടുംബത്തെയും കുടിയൊഴിപ്പിച്ചിരിക്കുന്നു. ജനിച്ച നാള്‍മുതല്‍ ചെങ്കൊടി മാത്രം പിടിച്ച, വോട്ട് ചെയ്ത കാലംമുതല്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ട് ചെയ്ത കുമാരിയേയും കുടുംബത്തെയും ഇക്കൂട്ടര്‍ ചതിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ആയത്കൊണ്ടല്ലേ ഇവരോടുള്ള ഈ അവഗണന. ഇക്കൂട്ടര്‍ നടത്തിയ വഞ്ചനയുടെ മൂന്ന് ഘട്ടങ്ങള്‍ നാം അറിഞ്ഞിരിക്കണം.
1)2004-ല്‍ ഇസ്മിയില്‍ കണ്ണ് കുമാരിക്കും കുടുംബത്തിനുമെതിരെ കേസ് കൊടുത്തപ്പോള്‍ ഇവരെ സഹായിക്കാം എന്ന് പറഞ്ഞ് മാര്‍ക്സിസ്റ്റുകാര്‍ ഏര്‍പ്പാടാക്കിയ വക്കീലാണ് ആദ്യം ചതിച്ചത്. എല്ലാ രേഖകളും കുമാരിക്ക് അനുകൂലമാണെന്നിരിക്കെ കോടതിയില്‍ കേസ് തോറ്റു കൊടുത്തു. വക്കീല്‍ കോടതിയില്‍ പോകാതെയാണിത്.
2)അപ്പീലിലൂടെ എല്ലാ ശരിയാക്കാം എന്ന് പറഞ്ഞ് വീണ്ടും ഇവരെ സമീപിച്ച മാര്‍ക്സിസ്റ്റുകാര്‍ ഏര്‍പ്പാടാക്കിയ വക്കീല്‍ വീണ്ടും വഞ്ചിച്ചു.
3)അപ്പീല്‍ പോകുന്നതിനുമുമ്പ് മാര്‍ക്സിസ്റ്റ് നേതാക്കളും ഇപ്പോഴത്തെ എംഎല്‍എ ഐ.ബി. സതീഷും ചേര്‍ന്ന് 12 സെന്റ് വസ്തു നിങ്ങള്‍ക്കു വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഒത്തുതീര്‍പ്പുണ്ടാക്കി. അടുത്ത അപ്പീല്‍ കാലാവധി കഴിഞ്ഞപ്പോള്‍ കൈമലര്‍ത്തി.
2017 ജൂണ്‍ 6 ന് രാവിലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ടകളും പോലീസുകാരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് 90 വര്‍ഷക്കാലം താമസിച്ചിരുന്ന വീട് ഇടിച്ച് നിരത്തി. യഥാര്‍ത്ഥത്തില്‍ കുമാരിയുടെയും കുടുംബത്തിന്റെയും നെഞ്ചിലേക്കാണ് ജെസിബി കയറിയിറങ്ങിയത്. ‘ഉടുതുണിക്ക് മറുതുണിയില്ലാതെ, ഉപ്പുചിരട്ടപോലും എടുക്കാന്‍ സമ്മതിക്കാതെ പാവപ്പെട്ട പട്ടികജാതി കുടുംബത്തെ തെരുവിലിറക്കി.
അന്ന് മുതല്‍ 34 ദിവസം കാട്ടാക്കട വില്ലേജ് ആഫീസിന്റെ വരാന്തയില്‍ അന്തിയുറങ്ങിയ ഈ കുടുംബത്തെ ജനങ്ങള്‍ ഉറങ്ങിയപ്പോള്‍ ജൂലൈ 11-ന് അറസ്റ്റ് ചെയ്ത് മാറ്റി. ക്രൂരവും നിഷ്ഠുരവും നീചവും മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി.
പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷകരെന്ന് നടിച്ച് അവരുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ സിപിഎം അവരെ പുറംകാലിന് തൊഴിക്കുകയാണ്. കോട്ടയം നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക്കിലെ ഹോസ്റ്റല്‍ മുറിക്ക് എസ്എഫ്ഐ നേതാക്കള്‍ പുലയക്കുടില്‍ എന്ന് പേരിട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനുള്ള ഇടിമുറിയാക്കി മാറ്റിയ വാര്‍ത്ത സിപിഎമ്മിന്റെ മാടമ്പിത്തരം കേരളത്തിന് മനസ്സിലാക്കി കൊടുത്തു. ചെറുമന് കുടില്‍ മതിയെന്ന ഇടതു ധാര്‍ഷ്ട്യം സാംസ്കാരിക കേരളം ഒട്ടും ചര്‍ച്ച ചെയ്തില്ല.
എസ്എഫ്ഐക്കാരുടെ പീഡനം സഹിക്കാതെ ചെറുത്തു നില്ക്കാന് ശ്രമിച്ച അവിനാശിനെ വിഷക്കള്ള് കുടിപ്പിച്ചതുമൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി. മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന ഈ വിദ്യാര്‍ത്ഥിയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കി. കോട്ടയത്ത് പിന്നാക്ക വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടതെങ്കില്‍ തിരുവനന്തപുരത്ത് വനവാസി വിദ്യാര്‍ത്ഥിയാണ് എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഇരയായത്. കാര്യവട്ടം ക്യാമ്പസ്സിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ രാജേഷ് ബാബുവിനും നേരിടേണ്ടി വന്നത് ജാതീയമായ അധിക്ഷേപമാണ്. എംജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി വിമലിനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയതും എസ്എഫ്ഐ നേതാക്കളാണ്.
തിരുവനന്തപുരം കണ്ണമ്മൂലയില്‍ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന വിഷ്ണു എന്ന 19 വയസ്സുകാരനും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടതായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച വിഷ്ണുവിന്റെ അമ്മയും ചെറിയമ്മയും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ബിജെപി ബൂത്ത് പ്രസിഡന്റായ അനില്‍കുമാര്‍ എന്ന പിന്നാക്ക യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയാണ് സിപിഎമ്മുകാര്‍ കുത്തിക്കൊന്നത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ മലപ്പുറം പരപ്പനങ്ങാടിയില്‍ ബിജെപി ഏരിയാ പ്രസിഡന്റും പിന്നാക്കവിഭാഗത്തില്‍പ്പെട്ടയാളുമായ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ സിപിഎം നടത്തിയ അതിക്രമം. വീട് തകര്‍ത്തശേഷം കിണറ്റില്‍ മനുഷ്യ വിസര്‍ജ്ജ്യവും തലമുടിയും നിക്ഷേപിച്ചു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ കൊലമുറിയായി മാറുകയാണ്.
കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോനെന്ന യുവാവിനെ തല്ലിക്കൊന്നത് പോലീസ് സ്റ്റേഷനകത്തായിരുന്നു. പിണറായി വിജയന് അധികാരത്തിലെത്തിയ ശേഷം 500 ദളിത് പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 65 പട്ടികജാതി-വനവാസി പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഇടതുസര്‍ക്കാര്‍ സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പിനെ നോക്ക് കുത്തിയാക്കി. പിന്നാക്കജാതി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുകയാണ്.
എണ്‍പത്തിയൊന്ന് കോടിരൂപയാണ് പിന്നാക്കവിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നതിന് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ രണ്ട് കോടിരൂപ മാത്രമാണ് ചെലവാക്കിയത്. പിന്നാക്ക ക്ഷേമവകുപ്പും ഉപഭോക്താക്കളെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ക്കു പിന്നില്‍ പിന്നാക്ക വിഭാഗങ്ങളാണ്. അഞ്ച് ലക്ഷം ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റെപക്കലുണ്ടായിട്ടും മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരായുണ്ട്. എല്‍ഡിഎഫ് വരട്ടെ എല്ലാം ശരിയാക്കും എന്ന വാക്ക് സര്‍ക്കാര്‍ പിന്നാക്കക്കാരുടെ കാര്യത്തില്‍ നടപ്പാക്കുന്നു. അവരെ ശരിക്കും ശരിയാക്കുന്നു. അവര്‍ക്കൊപ്പമല്ല സര്‍ക്കാരെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: