മുഹമ്മ: സ്കൂള്‍ബസ് തോട്ടിലേക്ക് മറിഞ്ഞു, കുട്ടികള്‍ അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്. നാട്ടുകാരും ബസ് ജീവനക്കാരും അവസരോചിതമായി ഇടപെട്ടതിനാല്‍ ദുരന്തം ഒഴിവായി.
മണ്ണഞ്ചേരി വള്ളക്കടവ് പുത്തന്‍പറമ്പ് തക്യാവ് റോഡില്‍ കോവൂര്‍ ഭാഗത്തായിരുന്നു അപകടം. പൊന്നാട് മുസ്ലിം ജമാഅത്തിന്റെ അല്‍ഹിദായ സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. കുട്ടികളെ കയറ്റി സ്കൂളിലേക്ക് പോകുമ്പോള്‍ വ്യാഴാഴ്ച്ച രാവിലെ ഒമ്പതോടെ ബസ് തോട്ടിലേക്ക് ചരിയുകയായിരുന്നു.
ബസിന്റെ ഇടതുഭാഗത്തെ രണ്ട് ടയറുകളും തോട്ടിലായി. നാല് കുട്ടികള്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവറുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലാണ് ദുരന്തം വഴിമാറിയത്. വൈകുന്നേരത്തോടെയാണ് ബസ് തോട്ടില്‍ നിന്നും ഉയര്‍ത്താനായത്.
ദിവസവും 15 ഓളം സ്കൂള്‍ ബസ്കളും 100 കണക്കിനു ഓട്ടോകളും ലോറികളുമാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. അപകടം ഇവിടെ നിത്യവുമാണ്.
സൈഡ് കൊടുക്കുന്നതിനിടെ യാത്രാക്കാരുമായി ഓടോയും ലോഡുമായി ലോറിയും തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വാര്‍ഷിക പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോ ബൈക്കിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
ഈ അപകടത്തില്‍ ഒരു കുട്ടിയുടെ കണ്ണിനു ഗുരുതര പരിക്കേറ്റിരുന്നു.റോഡിലെ കുഴികള്‍ നികത്തി റോഡ് വീതി കൂട്ടിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ തുടര്‍ സംഭവങ്ങളാകും. റോഡിന് വീതികൂട്ടി തോടിന്റെ ഭാഗത്ത് കല്ല് കെട്ടി റോഡ് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: