തിരുവനന്തപുരം: നിയമസഭാ മാധ്യമ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് മുന്‍ പട്ടികവര്‍ഗ്ഗക്ഷേമ യുവജന മന്ത്രി പി.കെ.ജയലക്ഷ്മി രംഗത്ത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുരസ്കാരങ്ങളില് ദൃശ്യമാധ്യമ വിഭാഗത്തിലുള്ള ഇ.കെ നായനാര്‍ അവാര്‍ഡ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജയലക്ഷ്മി സ്പീക്കര്‍ക്ക് പരാതി നല്കി.
ഏഷ്യാനെറ്റ് ന്യൂസ് വയനാട് ലേഖകന്‍ ജയ്സണ്‍ മണിയങ്ങാടിനായിരുന്നു ഈ വിഭാഗത്തില്‍ അവാര്‍ഡ്. അവാര്‍ഡിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്പീക്കറെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചതായി വിവരമുണ്ട്. 2011-2016 കാലയളവില്‍ പി.കെ. ജയലക്ഷ്മി പട്ടിക വര്‍ഗ്ഗ മന്ത്രിയായിരിക്കെ നടത്തിയ വിവിധ പദ്ധതികളെക്കുറിച്ച് തയ്യാറാക്കിയ തോല്‍ക്കുന്ന ജനത എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നുവെന്നും സൈബര്‍ ക്വേട്ടഷന്‍ സംഘത്തിന്റെ ഗൂഢാലോചനയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തതാണെന്നുമാണ് ജയലക്ഷ്മിയുടെ പരാതി. പട്ടികവര്‍ഗ്ഗക്കാരിയായ തന്നേയും കുടുംബത്തേയും കുറിച്യ സമുദായത്തേയും പട്ടികവര്‍ഗ്ഗ വിഭാഗത്തേയും അധിക്ഷേപിക്കുന്നതിനു ദുരുദ്ദേശപരമായി ചെയ്ത വാര്‍ത്തയാണിതെന്നും അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.
നിരന്തരം ചാനല്‍ വേട്ട തുടര്‍ന്നപ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2016 നവംബര്‍ 7ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. വാര്‍ത്തകള്‍ക്ക് പിന്നിലെ ഗൂഢാലോചനകളെ കുറിച്ച് അന്വേഷിക്കണമെന്നും ബാലാവകാശ നിയമം, സൈബര്‍ ആക്ട്, പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം ഈ സംഘത്തിനെതിരെ കേസെടുക്കണമെന്നും വാര്‍ത്തയില്‍ ആരോപിക്കപ്പെട്ട വിഷയങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്നുമായിരുന്നു മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലെ ആവശ്യം. ഈ കേസ് ഇപ്പോള്‍ പോലീസ് അന്വേഷിച്ചുവരികയാണ.് വാര്‍ത്തയെ തുടര്‍ന്ന് ഇതേ വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടതോടെ അന്വേഷണത്തിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.
അതിനു പുറമെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് അന്വേഷണവും പട്ടിക വര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പതല അന്വേഷണവും നടന്നു. എന്നാല്‍ ഉന്നയിക്കപ്പെട്ട ഒരു കാര്യത്തിനും വ്യക്തത ലഭിക്കാത്തതിനാല്‍ എല്ലാവരും ഒരുവിധത്തില്‍ അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. ഇതിനിടെയാണ് തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ ശരിവച്ചു കൊണ്ട് നിയമസഭ വേട്ടക്കാരന് പുരസ്കാരം നല്കി ആദരിക്കുന്നതെന്നാണ് മുന്‍ മന്ത്രിയുടെ ആക്ഷേപം. അവാര്‍ഡ് വിതരണം ചെയ്യുന്നതിന് മുമ്പ് നിയമസഭാ ഉപസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: