തലശ്ശേരി: സാമ്പത്തിക തിരിമറി ആരോപണത്തില്‍ മുന്‍മന്ത്രിയും ജെഡിയു നേതാവുമായ കെ.പി.മോഹനനെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സ്ഥലമെടുക്കാന്‍ പണം പിരിച്ച് അഴിമതി നടത്തിയെന്ന പരാതിയിലാണ് തലശേരി വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കെ.പി.മോഹനന് മന്ത്രിയായിരുന്ന കാലത്താണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന് കാണിച്ച് കെട്ടിടം നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നതിനാണ് ജനങ്ങളില്‍ നിന്ന് പിരിവ് നടത്തിയത്. 250 രൂപ മുതല്‍ ഒരു ലക്ഷം വരെ ജനങ്ങളില്‍ നിന്ന് പിരിവെടുക്കുകയും 4.5 കോടി രൂപ സമാഹരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്ത്തുകയുമുണ്ടായില്ല. മാത്രമല്ല, പിരിച്ച തുക സംബന്ധിച്ച് കമ്മിറ്റിക്കു മുമ്പാകെ കണക്ക് ബോധിപ്പിക്കുകയും ചെയ്തില്ലെന്നും പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇ.മനീഷ് കുമാറിന്റെ പരാതിയില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
അതേ സമയം ഏത് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പിരിച്ച തുകയുടെ കണക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കൈമാറിയെന്നും കെ.പി.മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: