കാസര്‍കോട്: സ്കൂള്‍ ,കോളേജ് പരിസരങ്ങളില്‍ കഞ്ചാവ്, നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്പന തടയുന്നതിനായി പോലിസ് പരിശോധന കര്‍ശനമാക്കുന്നു. പലസ്ഥലങ്ങളിലും ഇത്തരം ലഹരി ഉത്പന്നങ്ങള്‍ രഹസ്യമായി വില്‍ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തെകുറിച്ച് വിവരം ലഭിക്കുന്ന പക്ഷം അടുത്തുള്ള പോലിസ് സ്റ്റേഷനിലോ അലെങ്കില്‍ ജില്ലാ പോലിസിന്റെ ഓപ്പറേഷന് മൂണ്‍ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിവരം അറിയിക്കാം.
കുട്ടികള്‍ സ്ക്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വന്ന് അടുത്തുള്ള കടയില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം കടക്കാരനെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. കൂടാതെ സ്കൂള്‍ പരിസരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോട്ടോര്‍ സൈക്കിള്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പോലിസ് കസ്റ്റഡിയില്‍ എടുക്കും. ആര്.സി ഉടമസ്ഥര്ക്കെതിരായും കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരായും നിയമനടപടികള്‍ സ്വീകരിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പോലിസ് വെളിപ്പെടുത്തുന്നതല്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: