തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. ഹൈക്കോടതി നടത്തിയ പരാമര്‍ശം സുപ്രീംകോടതി വിധിക്കെതിരാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചെന്ന് പറയുന്ന ശമ്പളം സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്ന് മുരളീധരൻ പറഞ്ഞു.
ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്മെന്റ് നിലപാട് സമ്മര്‍ദ്ദ തന്ത്രമാണ്.ആ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങരുത്. അടച്ചിട്ട് സ്ഥാപനങ്ങള്‍ പിടിച്ചെടുത്താല്‍ അവിടെ സൗജന്യ സേവനത്തിന് തയ്യാറാണെന്ന് നഴ്സുമാര്‍ പറഞ്ഞിട്ടുണ്ട്. നഴ്സുമാരുടെ വേതനം വര്‍ദ്ധിപ്പിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമായ ഇടപെടല്‍ നടത്തണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
നഴ്സുമാര്‍ അവര്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി നഴ്സുമാരുടെ ആവശ്യം അംഗീകരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: