കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാള്‍ മുങ്ങിയതെന്നാണ് സൂചന.
ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയില്ലെന്നും അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
നടിയെ ആക്രമിക്കുന്നതില്‍ ദിലീപിന് ഒത്താശ ചെയ്തത് അപ്പുണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അപ്പുണ്ണിയെ വിളിച്ചിരുന്നു. എന്നാല്‍ അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടെ കൊച്ചിയിലെ ഏലൂരിലുള്ള വീട്ടില്‍ എത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
അപ്പുണ്ണി, സംവിധായകന് നാദിര്‍ഷാ എന്നിവരെ ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: