ന്യൂദല്‍ഹി: ഭാരത് അരുണിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങ് കോച്ചാക്കണമെന്ന് മുഖ്യ പരിശീലകന് രവി ശാസ്ത്രി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
രണ്ടു ദിവസം മുമ്പ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട ശാസ്ത്രി ഇതു സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ ഇടക്കാല ഭരണ സമിതിയുമായി ചര്‍ച്ച നടത്തി.
നിലവില്‍ ബൗളിങ്ങ് കോച്ചായി നിയമിക്കപ്പെട്ട സഖീര്‍ ഖാനെ ടീമിന്റെ ഉപദേശകനാക്കണമെന്നും ഭാരത് അരുണിനെ ബൗളിങ്ങ് കോച്ചാക്കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. ശാസ്ത്രി മുമ്പ് ടീമിന്റെ ഡയറക്ടറായിരുന്നപ്പോള്‍ ഭാരത് അരുണ്‍ ബൗളിങ്ങ് കോച്ചായിരുന്നു.
പരിശീലകനായ തന്നെ സഹായിക്കാനുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ട്. സഖീര്‍ ഖാനെ ബൗളിങ്ങ് പരിശീലകനാക്കുന്നതിന് താന്‍ എതിരല്ല. എന്നാല്‍ സഖീറിനെക്കാള് സാങ്കേതിക മികവ് കൂടുതല്‍ ഭാരത് അരുണിനാണെന്ന് ശാസ്ത്രി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സഖീര്‍ ഖാന് ഓട്ടേറെ കാര്യങ്ങള്‍ അറിയാമെന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന് പരിശീലകനായുള്ള പരിചയമില്ല. ഒരു മുഴുവന്‍ സമയ ബൗളിങ്ങ് കോച്ച് വര്‍ഷത്തില്‍ 250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കണം. സഖീര്‍ ഖാന് ഇതിന് കഴിയുമോയെന്ന് സംശമുണ്ട്. ഈ സാഹചര്യത്തില്‍ സഖീര്‍ ഖാന് ഇടയ്ക്ക് വന്ന് അരുണിനെ സഹായിക്കാമെന്ന് ശാസ്ത്രി വെളിപ്പെടുത്തി.
സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി രവി ശാസ്ത്രിയുമായി കൂടിയാലോചിക്കാതെയാണ് ബൗളിങ്ങ് കോച്ചായി സഖീര്ഖാനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: