കണ്ണൂര്‍: നഴ്സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്താനത്തെ സ്വകാര്യ ആശുപത്രികള്‍ 17 മുതല്‍ അടച്ചിടുമെന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ പ്രഖ്യാപനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അത്തരത്തില്‍ ആശുപത്രികള്‍ അടച്ചിടാന്‍ ആശുപത്രികള്‍ തയ്യാറായാല്‍ പ്രസ്തുത ആശുപത്രികള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും പൊതുജനത്തെ അണിനിരത്തി സമരം അട്ടിമറിക്കാന്‍ അസോസിയേഷന് നടത്തുന്ന ഏത് നീക്കത്തെയും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷത്തോളം വരുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരരംഗത്തേക്ക് വന്നത്. സമരം 16 ദിവസം പിന്നിടുകയാണ്.
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ആശുപത്രി മാനേജ്മെന്റുകളോട് ആവശ്യപ്പെടാന്‍ തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍ സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയാണ്. സര്‍ക്കാറും മാനേജ്മെന്റുകളും ഒത്തുകളിക്കുകയാണ്. സുപ്രീം കോടതി വിധി പ്രകാരമുളള ശമ്പളം നല്കിയാല് ആശുപത്രികള്‍ നഷ്ടത്തിലാകുമെന്ന് പറയുന്ന മാനേജ്മെന്റുകള്‍ ആതുരശുശ്രൂഷാ രംഗം ഇറച്ചിക്കച്ചവടമല്ലെന്ന കാര്യം ഓര്‍ക്കണം. നഴ്സുമാരുടെ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ പിന്തുണയുമായി യുവമോര്‍ച്ചയും സമരരംഗത്താണ്, സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ യുവമോര്‍ച്ച കയ്യുംകെട്ടി നോക്കിനില്‍ക്കില്ല. വരും ദിവസങ്ങളില്‍ ആരോഗ്യമന്ത്രിയെയും തൊഴില്‍ മന്ത്രിയെയും വഴിയില്‍ തടയും. ഇന്നും നാളെയും 140 നിയോജക മണ്ഡലങ്ങളിലും സ്വകാര്യ ആശുപത്രികളിലേക്ക് മാര്‍ച്ച് നടത്തും. 17 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും. ഭീഷണിപ്പെടുത്തി സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും. കേരളം പനികൊണ്ട് വിറക്കുന്ന സമയത്ത് മാനേജ്മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ മാനേജ്മെന്റുകള്ക്കിതിരെ നിയമ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ കുമാര്‍, സംസ്ഥാന സമിതിയംഗം പി.എ.റിതേഷ് എന്നുവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: