കോഴിക്കോട്: മാലിന്യ നിര്‍മ്മാജ്ജനത്തിനും പരിസര ശുചീകരണത്തിനുമായി നാടെങ്ങും പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നഗരമധ്യത്തില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നു. മാനാഞ്ചിറക്കടുത്ത് പാവമണി റോഡിലെ പിഡബ്ലിയുഡി വക പോലീസ് ക്വാര്‍ട്ടേഴ്സിലാണ് രണ്ട് മാസമായി സെപ്റ്റിക് ടാങ്ക്, മാന്‍ഹോള്‍, ടാങ്കിലേക്കുള്ള പൈപ്പുകള്‍ എന്നിവ പൊട്ടിയൊലിക്കുന്നത്.
36 ഓളം ക്വാര്‍ട്ടേഴ്സുകളാണ് ഇവിടെയുള്ളത്. അശാസ്ത്രീയമായ രീതിയിലാണ് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തറനിരപ്പില്‍ നിന്നും നാലടിയോളം ഉയര്ന്നിട്ടാണ് സെപ്റ്റിക് ടാങ്കുള്ളത്. പൈപ്പുകള്‍ തറനിരപ്പില്‍ നിന്നും താഴ്ന്ന നിലയിലായതിനാല്‍ മാലിന്യം ടാങ്കിലേക്ക് ഒഴുകുന്നത് തടയപ്പെട്ടിരിക്കുകയാണ്. പല സ്ഥലത്തും പഴയ മണ്പൈപ്പുകളാണ്. ഇവ പൊട്ടി മാലിന്യം പുറത്തേക്കൊഴുകുകയാണ്.
പോലീസ് ക്ലബ്, പോലീസ് കമ്മ്യൂണിറ്റിഹാള്‍ എന്നിവയ്ക്കടുത്താണ് മാലിന്യം പുറത്തേക്കൊഴുകി ദുര്‍ഗന്ധം വമിക്കുന്നത്. ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ തന്നെ മുന്‍കൈയെടുത്താണ് പലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. എന്നാല്‍ അറ്റകുറ്റപണിക്ക് ഒന്നര ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് താമസക്കാര്‍.
അറ്റകുറ്റ പണിക്ക് ഫണ്ട് പാസായിട്ടുണ്ടെന്നാണ് പിഡബ്ലിയുഡി അധികൃതര്‍ പറയുന്നത്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് കലക്ടറുടെ നിര്‍ദ്ദേശം ഉണ്ടായെങ്കിലും ഒരനക്കവും ഉണ്ടായില്ല. മുറികളില്‍ ടൈല്‍സ് ഇടാനും നവീകരണത്തിനുമുള്ള ജോലികള്‍ നടക്കുന്നുണ്ടെങ്കിലും അടിയന്തര നടപടികളുണ്ടാകേണ്ട മാലിന്യപ്രശ്നത്തിന് പരിഹാരമായിട്ടില്ല. കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: