എരമല്ലൂര്‍: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപിലേക്കുള്ള പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍. സംസ്ഥാന ബജറ്റില്‍ പാലം നിര്‍മാണത്തിന് 20 കോടി രൂപ വകയിരുത്തിയെങ്കിലും കിഴക്ക് ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്.
പാലത്തിനു വേണ്ടി കായലില്‍ തൂണുകള്‍ നിര്‍മിച്ചെങ്കിലും പാലം പൂര്‍ണ്ണമാകണമെങ്കില്‍ കിഴക്ക് ഭാഗത്ത് വ്യക്തിയുടെ 40 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരും. 2012 ലാണ് പാലം പണി നിലച്ചത്. അനുവാദമില്ലാതെ തന്റെ സ്ഥലം കയ്യേറി പാലത്തിന് തൂണുകള്‍ നാട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഉടമ കെ.എസ്. അരവിന്ദാക്ഷന് കോടതിയെ സമീപിക്കുകയായിരുന്നു.
പാലത്തിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില നല്‍കണമെന്നായിരുന്ന കോടതി ഉത്തരവ്. 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും വ്യക്തിയുടെ സ്ഥലം കൂടി ഏറ്റെടുക്കുന്നതിനും വകുപ്പ് തല നടപടികളൊന്നുമായിട്ടില്ല.
പാലത്തിനു വേണ്ടി കാക്കത്തൂരത്ത് കായലില്‍ സ്ഥാപിച്ച തൂണുകള്‍ അഞ്ച് വര്‍ഷമായി വെറുതെ കിടക്കുന്നു. സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെങ്കില്‍ നിലവിലുള്ള തൂണുകള്‍ പാലത്തിന് ഉപകരിക്കുമോയെന്ന് പരിശോധനയും നടത്തേണ്ടി വരും.
ജനകീയാവശ്യം പരിഗണിച്ച് ഇനിയെങ്കിലും അവഗണന അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: