മാനന്തവാടി : ഏഴുപതാമത്തെ വയസ്സിലും ചോര്‍ന്നൊലിക്കാത്തൊരു വീട് സ്വപ്നം കണ്ടുകഴിയുകയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പതിമൂന്നാംവാര്‍ഡ് മുഴുവന്നൂര്‍ പുത്തന്‍വീട്ടില്‍ ലക്ഷ്മിയമ്മ. കാറ്റിലുംമഴയിലും ഏത്സമയവും നിലംപൊത്താവുന്ന പ്ലാസ്റ്റിക്മേഞ്ഞ ഷെഡിലാണ് ലക്ഷിമിയമ്മയും മകനും താമസിക്കുന്നത്. അഞ്ചുസെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. മെഡിക്കല്‍ഷോപ്പില്‍ താല്‍ക്കാലിക സെയില്‍സ്മാനായി ജോലിചെയ്യുന്ന മകന്റെ തുച്ഛമായ തുകയാണ് ഇവരുടെ ഏക ജീവിതമാര്‍ഗ്ഗം. ചോര്‍ന്നൊലിക്കാതെ കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്നവുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ത്രിതല പഞ്ചായത്തുകളില്‍ നിരവധി തവണ വീടിനായി അപേക്ഷിച്ചെങ്കിലും അനുകൂല തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ പതിമൂന്നാം വാര്‍ഡ് ഗ്രാമസഭാ യോഗത്തിലും വീടെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇത്തവണയും വീട് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുമ്പോഴും വീടെന്ന സ്വപ്നം യാതാര്‍ത്ഥ്യമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനാണ് ലക്ഷിമിയമ്മയുടെ തീരുമാനം. കാഷ്ടപ്പാടുകള്ക്ക് നടുവില്‍ ജീവിക്കുന്ന ലക്ഷ്മിയമ്മയ്ക്ക് ഉടന്‍ വീട് അനുവദിച്ചുകൊടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇനിയെങ്കിലും തയ്യാറാവണമെന്ന് പാലയാണ പൗരസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: