നാം ഇപ്പോള്‍ വസിക്കുന്ന ഭൂമിയും നമ്മെ ബന്ധിച്ചുള്ള സകല പ്രകൃതികള്‍ക്കും അതേ നിലയില്‍ തന്നെ നമുക്കു മീതേയായി ഏറ്റവും ഉയര്‍ന്നു കാണുന്ന ആകാശവും അതിലെ പ്രകൃതികളായ സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ എന്നിവയും യഥേഷ്ടം നാം കണ്ടും കേട്ടും അനുഭവിച്ചും പോരുന്ന ഒന്നാകുന്നു. എന്നാല്‍ ഭൂമിയും ആകാശവും ഇവ രണ്ടിലുമുള്ള ഓരോ പ്രകൃതികളുടെയും ആദ്ധ്യാത്മികവും ലൗകികവുമായ നിലകളെ പര്യാലോചിക്കാം.
ആകാശത്തില്‍ സൂര്യന് ഉദിക്കുന്നു. അപ്പോള്‍ ആകാശവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആവിയായി നിന്ന ആകര്‍ഷണം എന്ന ഇരുട്ടിനെ നിശ്ശേഷം വെളിച്ചമാക്കി. ഈ ഇരുളു തന്നെ മുഴുവന്‍ വെളിച്ചമാക്കി. പ്രകാശിപ്പിച്ച് പകലാക്കിത്തീര്ക്കുന്നതിന് എത്രയും അത്ഭുതമാം വണ്ണം സാധിക്കുന്നു എന്നുള്ളത് ലോകസൃഷ്ടി മുതല്‍ അവസാനം വരെയുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും ജീവരാശികള്‍ക്കും മനുഷ്യര്‍ക്കും ആദിയന്തം സാക്ഷിയായി തന്നെ കഴിഞ്ഞവര്‍ക്കും, ഉള്ളവര്‍ക്കും, വരുവാനുള്ളവര്‍ക്കും സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇതില്ലാതെ പോയാല്‍ ലോകപ്രകൃതി ഇല്ലെന്നു തന്നെ പറയാം. അപ്പോള്‍ ലോകം അന്ധകാരവും അത്യന്തം നരകവുമായി വര്‍ദ്ധിക്കുന്നു. നരകമായി വര്‍ദ്ധിക്കുന്നുവെന്നുള്ളത്, സൂര്യന് ഇല്ലാതിരിക്കുമ്പോഴുള്ള ഇരുട്ടുകൊണ്ടു മനസ്സിലാക്കാം.
പ്രകൃതിയുടെ മാഹാത്മ്യമെന്നു പറഞ്ഞതില്‍ ഒന്ന് മുപ്പതു നാഴിക പകല്‍, അതിനു മുപ്പതു നാഴിക ഇരുട്ട്. ആറുമാസം മഴ, അതിന് ആറു മാസം വേനല്‍, മഴയില്ലാത്തിടത്തു മഞ്ഞ്. ഇതിന്റെ യഥാര്‍ത്ഥമായ നില മുപ്പതു നാഴിക സൂര്യനെക്കൊണ്ട് ആകാശത്തിനും ഭൂമിക്കും സര്‍വ്വചരാചരങ്ങള്‍ക്കും ജീവരാശികള്‍ക്കും ചൂടുകൊടുത്തു സംരക്ഷിക്കുക. അപ്പോള്‍ സൂര്യന് പ്രകൃതി എടുത്തിരിക്കുന്നതുപോലെ സര്‍വ്വസൃഷ്ടികളും പ്രകൃതിയിലേക്കു ലയിച്ചിരിക്കുന്നു.
പകല്‍ കഴിഞ്ഞതിന്റെ ശേഷം സൂര്യനും സര്വ്വപ്രകൃതികളും സ്വസ്ഥത പ്രാപിക്കുന്നു. ആറുമാസം ഭൂമിക്കു സൂര്യന്റെ ചൂടു തട്ടിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഭൂമിയുടെ സര്‍വ്വവിധമായ ബീജങ്ങളും ജലാംശത്വരേണ ആവിയായി ആകാശത്തിലേക്കു ലയിച്ചു. പിന്നീട് ആറുമാസമായി അതു തിരികെ ഭൂമിയിലേക്കു കൊടുക്കുന്നു. തന്മൂലം ഭൂമി സര്‍വ്വത്ര അനുഗ്രഹങ്ങളെയും വര്‍ദ്ധിപ്പിക്കുന്നു. ഇതു പ്രകൃതിയുടെ മാഹാത്മ്യാവസ്ഥയാകുന്നു. ഇതിനു കാരണമായി നില്‍ക്കുന്നത് സൂര്യന് ഒന്നു മാത്രമാണ്. എന്നാല്‍ ഇതേ നിലയില്‍ തന്നെ അത്യത്ഭുതമായ നിലയില്‍ ഭഗവാന് മര്ത്യവേഷത്തിലെത്തി യുഗംതോറും അവതരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: