അമ്പലപ്പുഴ: നോക്കുകൂലിയായി സിപിഎമ്മുകാരന് ആവശ്യപ്പെട്ടത് ഒരേക്കര്‍ കൃഷിഭൂമി. സഖാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ഉടമ കോടതിയിലും പോലീസിലും അഭയം തേടി.
രണ്ടേക്കര്‍ മാത്രം കൃഷിയുള്ള ഉടമയോടാണ് ഒരേക്കര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത്. അമ്പലപ്പുഴ വടക്കുപഞ്ചായത്തിലെ കാട്ടുകോണം പാടശേഖരത്തിലാണ് പാര്‍ട്ടി സഖാവും സംഘവും സിപിഎമ്മിന്റെ കൊടിനാട്ടി കൃഷി തടഞ്ഞത്. നിലമുടമ തിരുവനന്തപുരം സ്വദേശി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാറുമായ അശ്വനികുമാര്‍ കളത്തില്‍ വീട്ടില്‍ ശിവനെതിരെ പരാതി നല്കി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അശ്വിനികുമാറിന്റെ രണ്ടേക്കര്‍ കൃഷി നോക്കുന്നത് ശിവനാണ്. എന്നാല്‍ അടുത്തകാലത്തായി കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം ശിവന് കൊടുക്കാതായി. അശ്വിനികുമാര്‍ കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് ശിവനെതിരെ ഇന്ജക്ഷന് ഓഡര്‍ കിട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ കോടതി വിധി മറികടന്ന് കഴിഞ്ഞ ദിവസം ശിവനും പാര്‍ട്ടിക്കാരും ചേര്‍ന്ന് അശ്വിനികുമാറിന്റെ പാടത്ത് കൊടികുത്തുകയായിരുന്നു. തനിക്ക് നോക്കുകൂലിയായി ഒരേക്കര്‍ കിട്ടണമെന്നായിരുന്നു ശിവന്റെ ആവശ്യം. ഇതേത്തുടര്‍ന്ന് അശ്വിനികുമാര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി.
കോടതി ഉത്തരവ് ലംഘിച്ച് പാര്‍ട്ടി സഖാക്കളുടെ നേതൃത്വത്തില്‍ കൊടികുത്തിയ പാടത്ത് ശിവന് ഇന്നലെ കൃഷി ഇറക്കി. ഇന്ന് വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നിലമുടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: