കാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖല സ്തംഭിപ്പിച്ചു കൊണ്ടുള്ള സ്വകാര്യമേഖലയിലെ നഴ്സുമാരുടെ സമരം ശക്തമാകുന്നു. സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി സി പിഎം നിയന്ത്രണത്തിലുള്ള ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പെട്ട നഴ്സുമാര്‍ക്കു നേരെ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും. ചൊവ്വാഴ്ച മുതലാണ് നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
20 ഓളം നഴ്സുമാരാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ സമരത്തിലേര്‍പെട്ടിരിക്കുന്നത്. മാനേജ്മെന്റിന്റെ ഭീഷണി ഭയന്ന നാലു പേര് ഇന്നലെ ജോലിക്ക് കയറിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഹോസ്റ്റലില്‍ നിന്നും ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തതായി നഴ്സുമാര്‍ പറഞ്ഞു.
തങ്ങളുടെ വീട്ടിലേക്ക് വിളിച്ചും ആശുപത്രി മാനേജര്‍ പ്രമോദും സെക്രട്ടറി രാധാകൃഷ്ണനും ഉള്പെടെയുള്ളവര് ഭീഷണിപ്പെടുത്തിയതായി നഴ്സുമാര്‍ പറഞ്ഞു. നഴ്സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് ചൊവ്വാഴ്ച ഇവരെ പ്രവേശിപ്പിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ ഏറെ കാത്തിരുന്ന ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ കയറാന്‍ കഴിഞ്ഞത്. സമരത്തിലേര്പെടുകയാണെങ്കില് ബുധനാഴ്ച രാവിലെ എല്ലാ സാധനങ്ങളുമെടുത്ത് ഇറങ്ങി പോകണമെന്നാണ് ഇവരോട് മാനേജര്‍ പ്രമോദ് ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ തന്നെ മാനേജര്‍ ക്വാര്‍ട്ടേഴ്സിലെത്തി വാതിലില്‍ നിര്‍ത്താതെ തട്ടി വിളിച്ച് നഴ്സുമാരെയെല്ലാം പുറത്തിറക്കി ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ പിടിച്ചെടുത്ത് പൂട്ടി പോവുകയായിരുന്നുവെന്ന് നഴ്സുമാര്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കു വേണ്ടി എന്നും ശബ്ദിക്കാറുള്ള സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ തന്നെ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്ത് പ്രകോപനമുണ്ടായാലും തങ്ങള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് നഴ്സുമാര്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച ആശുപത്രിക്കു മുന്നില്‍ ഇവര്‍ കെട്ടിയ സമരപ്പന്തല്‍ മാനേജറും മറ്റും ഇടപെട്ട് അഴിച്ചുമാറ്റിയിരുന്നു. ഇന്നലെ സമരപ്പന്തല്‍ കെട്ടാന്‍ അനുവദിക്കാത്തതിനാല്‍ പൊരിവെയിലത്താണ് നഴ്സുമാരുടെ സമരം നടക്കുന്നത്. വസ്ത്രങ്ങളും മറ്റുസാധനങ്ങളും എല്ലാം ക്വാര്ട്ടേഴ്സിനകത്താണുള്ളതെന്ന് നഴ്സുമാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ സമരം ശക്തമാകുന്നതോടെ ജില്ലയിലെ ആരോഗ്യമേഖല സ്തംഭിപ്പിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കാഞ്ഞങ്ങാട് സണ്‍റൈസ്, ദീപ, സഞ്ജീവനി, കെയര്‍വെല്‍, യുണൈറ്റഡ്, കിംസ്, കൃഷ്ണ, മാലിക്ദീനാര്‍, ഫാത്തിമ, ജനാര്‍ദന തുടങ്ങിയ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലാണ്. വേതന പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരെയാണ് പുറത്താക്കിയത്.
ഹോസ്റ്റലിന്റെ സമയക്രമങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുത്തതിനെത്തുടര്ന്നുള്ള ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണിതെന്നാണ് നഴ്സുമാര്‍ പറയുന്നത്. ആശുപത്രിക്കു സമീപമുള്ള നഴ്സസ് ഹോസ്റ്റലില്‍ കൃത്യസമയത്തെത്താത്തതാണ് നടപടിയുടെ കാരണമായി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: