ന്യൂദല്‍ഹി: പുതിയ ദേശീയ ടെലികോം നയം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് (ഡിഒടി) ആരംഭിച്ചു. നയരൂപീകരണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ആപ്പിള്‍, ഗൂഗിള്‍, ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കമ്പനികളുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉടന്‍ ചര്‍ച്ച ആരംഭിക്കും. 2018ഓടെ പുതിയ ടെലികോം നയം പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്തിമ ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരിക്കും നയം.
കണക്റ്റിവിറ്റിയേക്കാള്‍ ടെലികോം സേവനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും നയം തയാറാക്കുക. ഇത്തവണ പുറത്തുനിന്നുള്ള കമ്പനികളുടെ അഭിപ്രായങ്ങളും നയരൂപീകരണത്തിന്റെ ഭാഗമായി കേള്‍ക്കുമെന്നും പുതിയ സാങ്കേതികവിദ്യകള്‍ നയത്തില്‍ ഉള്‍കൊള്ളിക്കുന്നതിനായി കണ്സള്ട്ടേഷന് പ്രക്രിയയില്‍ ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന് പറഞ്ഞു.
5ജി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് നയം തയാറാക്കുകയെന്ന് അരുണ സുന്ദരരാജന് വിശദീകരിച്ചു. ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
പുതിയ ദേശീയ നയം രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ടെലികോം മന്ത്രാലയം ആരംഭിച്ചതായി ടെലികോം മന്ത്രി മനോജ് സിന്‍ഹയും അറിയിച്ചു. 2012ലെ നയത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ നയം ആപ്ലിക്കേഷന്അധിഷ്ഠതമായിരിക്കുമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. നയം സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുമായി ചര്‍ച്ച നടത്തുമെന്നും സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: