ഊരകം: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഊരകം കിഴക്കേവട്ടപ്പറമ്പ് പരേതനായ പ്ലാരയില് ഗംഗാധരന്റെ മകന് സുധീഷ്(25)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ പരാതിയില്‍ ഏഴിന് വൈകിട്ട് ആറ് മണിയോടെയാണ് വേങ്ങര പോലീസ് സുധീഷിനെ വീട്ടിലെത്തി പിടിച്ചുകൊണ്ടുപോയത്. പിന്നീട് സ്റ്റേഷനിലെത്തിയ സുധീഷിന്റെ സഹോദരന് സുരേഷിനൊപ്പം രാത്രി എട്ട് മണിയോടെ വിട്ടയക്കുകയായിരുന്നു.
സുരേഷിനോട് താന്‍ വന്നോളാമെന്ന് പറഞ്ഞ് പോയ സുധീഷ് രാത്രിയായിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ എട്ടിന് പുലര്‍ച്ചയോടെ വീടിന് സമീപത്തുള്ള ചെങ്കല്‍ ക്വാറിയിലെ താല്‍ക്കാലിക ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം അറിഞ്ഞിട്ടും വാര്‍ഡ് മെമ്പര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ പറഞ്ഞു. ഇ തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് പി.പി.ഗണേശന് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ് എം.ചന്ദ്രന് അദ്ധ്യക്ഷനായി. പി.കെ.സുധാകരന്, കെ.കെ.വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: