ന്യൂയോര്‍ക്ക്: സൂര്യനിൽ ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ വീതിയുള്ള വിള്ളല്‍ കണ്ടെത്തി. എആര്‍2665 എന്ന് പേരിട്ടിരിക്കുന്ന ഈ സണ്‍സ്പോട്ട് ഭൂമിയിലെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളെയാകെ തകരാറിലാക്കാന്‍ പോന്നതാണെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞയാഴ്ചയാണ് നാസയുടെ സൗര ദൂരദര്‍ശിനി ഈ സ്പോട്ട് കണ്ടെത്തിയത്.
ഭൂമിയിലേക്ക് ശക്തമായ സൗരക്കാറ്റും റേഡിയേഷനും വമിപ്പിക്കാന്‍ ഈ ഭീമാകാരമായ വിള്ളലിന് സാധിക്കുമെന്ന് നാസ വ്യക്തമാക്കി. ഒന്നേകാല്‍ ലക്ഷം കിലോമീറ്റര്‍ വീതിയുള്ള ഈ വിള്ളല്‍ ഭൂമിയില്‍നിന്ന് നോക്കിയാല്‍ക്കാണാവുന്നത്ര വലുതാണ്.
സൂര്യനിലെ കാന്തികമേഖലള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം കൊണ്ടാണ് ഇത്തരം സ്പോട്ടുകള്‍ ഉണ്ടാകുന്നത്. ഇരുണ്ടതും ചൂടുകുറഞ്ഞതുമായ മേഖലകളാണിവ. ഉയര്‍ന്ന കാന്തിക മേഖലകളിലാണ് ഇത്തരം സ്പോട്ടുകള്‍ കാണപ്പെടാറ്. ഇത്തരം സ്പോട്ടുകളില്‍നിന്നാണ് വന്‍തോതിലുള്ള സൗരക്കാറ്റ് വമിക്കാറുള്ളത്. ഭൂമിയെ നേരിട്ട് അഭിമുഖീകരിക്കുന്ന നിലയിലാണ് ഈ സണ്‍സ്പോട്ടുള്ളത്. അത് ഭീഷണി കൂടുതലായി ഉയര്‍ത്തുന്നുണ്ട്.
പുറത്തേക്ക് വമിക്കുന്ന സൗരക്കാറ്റ് ഭൂമിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണ്. ബഹിരാകാശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളാണ് ഇതുമൂലം തകരാറിലാവുക. ഭൂമിയുടെ കാന്തികമേഖലയ്‌ക്ക് ഭീഷണിയാണെന്നതിനാല്‍, വ്യോമ ഗതാഗതത്തെയും ഇത് ബാധിച്ചേക്കാം. ശക്തമായ സൗരക്കാറ്റ് വൈദ്യുതി വിതരണത്തെയും താറുമാറാക്കും.
എന്നാൽ സൗരക്കാറ്റ് എന്നുണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാൻ കഴിയില്ല. അതിനാൽ ഇതിന്റെ ഭീഷണി എപ്പോഴും ഭൂമിക്കുണ്ടാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: