കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കാത്തിരിക്കുന്നത് അന്വേഷണങ്ങളുടെ പരമ്പര. ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ മാത്രം 35 ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയെന്നാണ് രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്. ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും. ഇതു സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറും. ഇതോടെ ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണങ്ങള്‍ ദിലീപ് നേരിടേണ്ടിവരും.
നടന് എന്നതിലുപരി നിര്‍മാതാവ്, വിതരണക്കാരന്, തീയറ്റര്‍ ഉടമ തുടങ്ങിയ നിലകളില്‍ സമസ്ത മേഖലകളെയും അടക്കി ഭരിക്കാന്‍ കഴിയുന്ന ശക്തിയായി പത്തുവര്‍ഷത്തിനിടെ ദിലീപ് വളര്‍ന്നിരുന്നു. സിനിമയ്ക്ക് പുറമേ റസ്റ്റോറന്റ്, റിയല്‍ എസ്റ്റേറ്റ്, ഹൗസ് ബോട്ട് മേഖലകളിലും വലിയമുതല്‍ മുടക്ക് നടത്തി.ഗൂഡാലോചന കേസില്‍ അറസ്റ്റിലായതോടെ തകരുന്ന ആ ബിസിനസ് സാമ്രാജ്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടം ഏതാനും കോടികളില്‍ ഒതുങ്ങില്ല.
ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സഹോദരന് അനൂപിനെ കൂടി പങ്കാളിയാക്കി ദിലീപ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുമ്പോള്‍ അഭിനയത്തിലൂടെ ലഭിക്കുന്ന പ്രതിഫലം മാത്രമായിരുന്നു വരുമാനം.
പിെന്ന മലയാള സിനിമാ വ്യവസായത്തിന്റെ പടവുകള്‍ ചവിട്ടിക്കയറി. സിഐഡി മൂസ മുതല്‍ ഇങ്ങോട്ട് ദിലീപ് നിര്‍മിച്ച് വിതരണം ചെയ്ത ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ നിന്ന് കോടികള്‍ വാരി. മലയാള സിനിമയിലെ എല്ലാ പ്രധാനതാരങ്ങളെയും അണിനിരത്തി ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിച്ചതും ദിലീപായിരുന്നു. ഇതോടെ നിര്‍മാതാക്കള്‍ക്കിടയില്‍ ദിലീപ് അദ്വിതീയനായി. മഞ്ജുനാഥ എന്ന പേരില്‍ ഭാര്യ മഞ്ജുവാര്യരുടെ പേരില്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് നിര്‍മാണ കമ്പനി തുടങ്ങിയെങ്കിലും ദിലീപും മഞ്ജുവും അകന്നതോടെ ഈ നിര്‍മ്മാണ കമ്പനി നിര്‍ജീവമായി.
ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മള്‍ട്ടിപ്ലെക്സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. ഇതിനോടൊപ്പം റസ്റ്റോറന്റ് ശൃംഖലയായ ദേ പുട്ട് വിദേശത്തും ആരംഭിക്കാന്‍ ദിലീപ് ഒരുക്കം തുടങ്ങിയിരുന്നു. കൊച്ചി രാജാവ് എന്ന പേരിലുള്ള ഹൗസ് ബോട്ടുമായി കായല്‍ ടൂറിസം മേഖലയിലേക്കും ദിലീപ് ചുവടുവെച്ചു. തൊട്ടതെല്ലാം വിജയിച്ചതോടെ ഒഴുകിയെത്തിയ സമ്പാദ്യത്തില്‍ വലിയ പങ്ക് റിയല്‍ എസ്റ്റേറ്റിലാണ് ദിലീപ് നിക്ഷേപിച്ചത്. അടുത്ത സുഹൃത്തുക്കളായ നടീനടന്മാരുമായി ചേര്‍ന്ന് ദിലീപ് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തിന്റെ കണക്കെടുപ്പ് അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്.
പീഡിപ്പിക്കപ്പെട്ട നടിയും ഒരു കാലത്ത് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പാര്‍ട്ടണറായിരുന്നു. ഇവരടക്കമുള്ള ദിലീപിന്റെ ബിസിനസ് പങ്കാളികളില്‍ നിന്ന് ഭൂമി ഇടപാടുകളുടെ പരമാവധി വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപ് ബിനാമി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ പുതിയ ബിനാമി ആക്ട് പ്രകാരം ആ സ്വത്ത് മുഴുവന്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയുമെന്ന് ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഇന്‍വെസ്റ്റിഗേഷന്‍സ്) ബെന്നി ജോണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആദായനികുതി വകുപ്പ്.
എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസ് റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ തന്നെ ആദായനികുതി വകുപ്പ് ഏതുസമയവും ദിലീപിനെതിരെ അന്വേഷണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെതിരെ സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു. സിനിമയുടെ പ്രതിഫലം സാറ്റലൈറ്റ് റൈറ്റായും വിദേശ വിതരണാവകാശമായും ദിലീപ് സ്വന്തമാക്കിയതിലൂടെ നടത്തിയ നികുതി വെട്ടിപ്പാണ് അന്ന് പിടിക്കപ്പെട്ടത്. വലിയ തുക ഫൈനടച്ച് കേസ് അവസാനിപ്പിച്ചതിനാല്‍ ദിലീപിനെതിരെ അന്ന് വിപുലമായ അന്വേഷണം നടന്നിരുന്നില്ല.
ദിലീപിന് സ്വന്തം ചിത്രങ്ങളുടെ വിദേശ വിതരണാവകാശത്തിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട് ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം വരുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ സക്കറിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: