കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സുതാര്യവും ജനക്ഷേമകരവുമാക്കുന്നതിന് അവ സാമൂഹിക പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്കായി പരാതിപ്പെട്ടി സ്ഥാപിച്ചു. ഓഫീസിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നാണ് പരാതിപ്പെട്ടി സ്ഥാപിച്ചിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഓഫീസുകള്‍, മുനിസിപ്പാലിറ്റി, കോര്പറേഷന് ഓഫീസുകള്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാര്‍, പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവ പെട്ടിയില്‍ നിക്ഷേപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഓരോ പഞ്ചായത്ത് ഓഫീസുകളിലും ഇത്തരം പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ലഭിക്കുന്ന അപേക്ഷകള്‍ ഓരോ മാസവും ആദ്യത്തെ വെള്ളിയാഴ്ച പരിശോധിച്ച് പ്രശ്നപരിഹാരത്തിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കും. കോഴിക്കോട് മേഖലാ പെര്‍ഫോമെന്‍സ് ഓഡിറ്റ് വിഭാഗം സെക്ഷന്‍ ഓഫീസറാണ് പരാതികള്‍ പരിശോധിക്കുക. പരാതിയുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണത്തെക്കുറിച്ച് കോഴിക്കോട് മേഖലാ പെര്‍ഫോമെന്‍സ് ഓഡിറ്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറാണ് രണ്ടാം അപ്പലറ്റ് അതോറിറ്റി.
പരാതിപ്പെട്ടിയുടെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് കോഴിക്കോട് മേഖലാ പെര്‍ഫോമെന്‍സ് ഓഡിറ്റ് വിഭാഗം ഓഫീസര്‍ പി.അഹമ്മദ് ബഷീറിന് കൈമാറി. ചടങ്ങില്‍ പി.പി.ദിവ്യ, കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, വി.കെ രാജന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: