”അനുഭവിച്ചതൊക്കെ തന്നെ ധാരാളം. ഇതൊക്കെ കണ്ട് ദൈവംപോലും ഇതുപോലൊരുവിധി ആര്‍ക്കും നല്‍കില്ല. സര്‍ക്കസ്സിലെ മൃഗത്തിന്റെ അവസ്ഥയാണ് എന്റേത്” – ഗുജറാത്ത് കലാപത്തിന്റെ ഇര എന്ന് മുദ്രകുത്തപ്പെട്ട കുത്തബുദ്ദീന്‍ അന്‍സാരി ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. (ഭാഷാപോഷിണി 2009 ജൂണ്‍) ‘ഇര’ എന്ന് ചാപ്പകുത്തി കൊണ്ടുനടക്കപ്പെട്ടവര് വെറും സര്‍ക്കസ് മൃഗങ്ങളെപ്പോലെയാണെന്ന് അന്‍സാരി വേദനയോടെ പറഞ്ഞ 2009നു ശേഷം രണ്ടുതവണ അദ്ദേഹം കേരളത്തില്‍ സര്‍ക്കസ് മൃഗത്തെപ്പോലെ എഴുന്നള്ളിക്കപ്പെട്ടു. ഇതു ചെയ്തത് മതേതരകക്ഷി എന്നു കൊട്ടിഘോഷിക്കുന്ന സിപിഎം ആയിരുന്നു. ‘ഇര’യെ തേടിപ്പിടിച്ച് എഴുന്നള്ളിക്കുന്നതിലുള്ള ഈ മത്സരത്തില്‍ മുസ്ലിംലീഗ് സിപിഎമ്മിനെ മറികടക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും ഒടുവില്‍ എഴുന്നള്ളിക്കപ്പെട്ടത് ദില്ലി – മഥുര തീവണ്ടിയില്‍ സീറ്റുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ സഹോദരന് ഷാഹിമാണ്.
ഈ സംഭവത്തിനു വര്‍ഗ്ഗീയനിറം നല്‍കിയത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്. വൃന്ദാകാരാട്ടും സംഘവും ഈദ് പെരുന്നാള്‍ നാളുകളിലെ മുസ്ലിം മനസ്സിനെ പരമാവധി പ്രകോപിപ്പിക്കാന്‍ തക്കവിധം വര്‍ഗ്ഗീയമായി അതിനെ മുതലെടുത്തു. എന്നാല്‍ അധികം വൈകാതെ ജുനൈദിന്റെ കുടുംബത്തിനെ കാഴ്ചപ്പണ്ടമാക്കാനുള്ള മത്സരത്തില്‍ മുസ്ലിംലീഗ് രംഗപ്രവേശം ചെയ്തു. ഇ.ടി. മുഹമ്മദ്ബഷീറും കുഞ്ഞാലിക്കുട്ടിയും കരുനീക്കം നടത്തി ഷാഹിമിനെ ലീഗിന്റെ പക്ഷത്തേക്ക് തട്ടിയെടുത്തു. ഷാഹിമിനെ നേരെ കോഴിക്കോട്ടേക്ക് വണ്ടികയറ്റി മുസ്ലിംലീഗിന്റെ പൊതുയോഗത്തില്‍ സര്‍ക്കസ് മൃഗമായി അവതരിപ്പിച്ചു. മുസ്ലിം-ദളിത് പീഡനങ്ങള്‍ക്കെതിരെ ലീഗു സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലെ ആകര്‍ഷണ കേന്ദ്രം പാണക്കാട് തങ്ങളായിരുന്നില്ല, ജുനൈദിന്റെ സഹോദരന് ഷാഹിമും കൂട്ടുകാരന് മുഹമ്മദ് അസറുദ്ദീനുമായിരുന്നു. മുസ്ലിം സംരക്ഷകര്‍ തങ്ങളാണെന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ അവകാശവാദം പൊളിക്കാനായിരുന്നു മുസ്ലിംലീഗിന്റെ ഈ രാഷ്ട്രീയതന്ത്രമെന്നു സംസ്ഥാന രാഷ്ട്രീയമറിയുന്ന ആര്‍ക്കും മനസ്സിലാകും.
ബിജെപി വിരോധവും ഹിന്ദുത്വവിരോധവും വളര്‍ത്തി സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന രാഷ്ട്രീയതന്ത്രം പയറ്റുന്നതിലാണ് സിപിഎമ്മും ലീഗും മത്സരിക്കുന്നത്.
എന്നാല്‍ ഇതൊന്നും അവര്‍ കാഴ്ചപ്പണ്ടങ്ങളായി എഴുന്നള്ളിക്കുന്ന ‘സര്‍ക്കസ് മൃഗ’ങ്ങള്‍ക്ക് അറിയില്ല. ഷാഹിം ‘ഹിന്ദു’ പത്രത്തിന്റെ ലേഖകനോട് പറഞ്ഞത് കാണുക: ”പോലീസ് അവരുടെ പണിചെയ്യുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നീതി കിട്ടുമെന്നാണ് ഞങ്ങളുടെ വിശ്വാസം. എന്നെയും എന്റെ സഹോദരനെയും കുത്തിയ മുഖ്യപ്രതിയെ പിടികൂടാനുണ്ട്” (ഹിന്ദു, ജൂലായ് 3) ഷാഹിം ജീവിക്കുന്ന വല്ലഭഘട്ട് ഉള്‍പ്പെടുന്ന ഹരിയാനയിലെ പോലീസ്സിലും സര്‍ക്കാരിലും അവര്‍ക്ക് വിശ്വാസമുണ്ട്. അനിഷ്ടസംഭവം ഉണ്ടായി അധികം വൈകാതെ ജുനൈദിന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍, മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവരെ പിടികൂടിക്കഴിഞ്ഞു. സര്‍ക്കാര്‍ വളരെ ഗൗരവമായാണ് ഈ കേസ് കൈകാര്യം ചെയ്തത്. പിടിയിലായ വ്യക്തികള്‍ക്കാര്‍ക്കും ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇതിനെ ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെക്കാനാണ് ആസൂത്രിതമായ ശ്രമം നടന്നത്.
മുഖ്യപ്രതി ജില്ലയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായ രരേഷ് രഥിനെ മഹാരാഷ്ട്രയിലെ ഒളിസ്ഥലത്തുനിന്ന് പിടികൂടാന്‍ സാധിച്ചതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയാണ് ജുനൈദിന്റെ പിതാവ് ജമാലുദ്ദീന്‍ ചെയ്തത്. ജുനൈദിന്റെ കുടുംബം ഈ കൊലയ്ക്ക് രാഷ്ട്രീയ നിറം നല്‍കിയിട്ടില്ല. എന്നാല്‍ ഒരു തെളിവുമില്ലാതെ അത് സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുകയും അതിനായി ഗീബല്‍സിയന്‍ പ്രചാരണം അഴിച്ചുവിടുകയുമാണ് സിപിഎമ്മും മുസ്ലിംലീഗും.
‘ഇര’കള്‍ എന്നു ചാപ്പകുത്തപ്പെട്ടവരുടെ പ്രദര്‍ശനകേന്ദ്രമാണ് കേരളം. കുത്തബുദ്ദീന്‍ അന്‍സാരി, അശോക് മോച്ചി എന്നീ ഗുജറാത്തില്‍ നിന്നുള്ള രണ്ട് ‘സര്‍ക്കസ് മൃഗ’ങ്ങളെ 2014 മാര്‍ച്ചില്‍ സിപിഎം തളിപ്പറമ്പിലെ പാര്‍ട്ടിയുടെ സാംസ്കാരിക പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കലാപത്തിന്റെ ഇരയുടെ പ്രതീകമായ അന്‍സാരിയും കലാപകാരികളുടെ പ്രതീകമായ അശോക് മോച്ചിയും ഒരേ വേദിയില്‍ പരസ്പരം പൂക്കള്‍ കൈമാറുന്ന പരിപാടി. സിപിഎമ്മിന്റെ ജില്ലാ നേതാവ് പി.ജയരാജന് എന്ന റിംഗ് മാസ്റ്ററുടെ ചാട്ടവാറിനനുസരിച്ച് രണ്ടുപേരും ആജ്ഞ പാലിക്കുന്ന സര്‍ക്കസ് മൃഗങ്ങളായി മാറി. പത്രങ്ങള്‍ ഈ സംഗമത്തിനു വളരെ വാര്‍ത്താ പ്രാധാന്യം നല്കി.
കാവിത്തുണി തലയില്‍ ചുറ്റി കയ്യില്‍ വാളുമായി കയ്യുയര്‍ത്തി അട്ടഹസിക്കുന്ന അശോക് മോച്ചി ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരന്റെ പ്രതീകമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്.
ഹിന്ദുത്വഭീകരതയുടെ പ്രതീകമായി സിപിഎം പൊതുവേദിയില്‍ അവതരിപ്പിക്കപ്പെട്ട മോച്ചി തന്റെ യഥാര്‍ത്ഥ വ്യക്തിത്വം ദേശാഭിമാനി വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2014 മാര്‍ച്ച് 4-ലെ ദേശാഭിമാനിയിലെ അഭിമുഖത്തിലെ ചോദ്യോത്തരങ്ങള്‍ കാണുക:
”നേരത്തെ നിങ്ങള്‍ ബജ്രംഗ്ദള് ആയിരുന്നോ?
– ഇല്ല. ഞാന്‍ ഒരിക്കലും ഒരു പാര്‍ട്ടിയിലും അംഗമായിരുന്നില്ല. എന്റെ ഉപജീവനമാര്‍ഗ്ഗമായ ഈ തൊഴിലില്‍ മുഴുകിക്കഴിഞ്ഞിരുന്ന ഒരു സാധാരണക്കാരനായിരുന്നു ഞാന്‍…”
‘നരേന്ദ്രമോദിയെ ഇതുവരെ കണ്ടിട്ടുണ്ടോ, മോദിയുടെ വികസനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?’
– ക്യാ വികാസ്? ദില്ലി ദര്‍വാസ എന്നും ഇങ്ങനെ തന്നെയായിരുന്നു. ഇതിനു പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. (മോച്ചിയുടെ ലോകം ഈ ദില്ലി ദര്‍വാസയാണ്) പിന്നെ മോദിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കു മോദിയെ ഇഷ്ടവുമല്ല.”
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും സംഘടനയിലും അംഗമല്ലാത്ത, മോദിയെ ഇഷ്ടമല്ലാത്ത അശോക് മോച്ചിയെയാണ് ലോകം മുഴുവന്‍ കാവി ഭീകരനായി ചിത്രീകരിച്ചത്!
സര്‍ക്കസ് മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ മൃഗങ്ങളല്ല സര്‍ക്കസ് കമ്പനിക്കാരാണ്. കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയും മുസ്ലിംലീഗും കെട്ടിയെഴുന്നള്ളിക്കുന്ന ‘സര്‍ക്കസ് മൃഗ’ങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഇരയുടെ വാക്കിലൂടെ തന്നെ നമുക്ക് അത് കേള്‍ക്കാം. കുത്തബുദ്ദീന്‍ അന്‍സാരി പറയുന്നു: ”എന്റെ അനുഭവം വിവരിക്കാന്‍ പല ആളുകളും എന്നെ പല സ്ഥലത്തും കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചു. വിദേശത്തുനിന്നുള്ള പലരും ദ്വിഭാഷികളുമായി വന്ന് എന്റെ കഥകള്‍ കേട്ട് പോയി. പക്ഷേ, എന്റെ ജീവിതത്തില്‍ ഒരു മാറ്റവും അതു ണ്ടാക്കിയിട്ടില്ല. ജീവിതം എനിക്ക് ഇപ്പോഴും പഴയപോലെ കഷ്ടപ്പാടു നിറഞ്ഞതു തന്നെയാണ്” (ഭാഷാപോഷിണി, 2009 ജൂണ്‍)
ഇനി അന്‍സാരി വിലപിക്കുന്നതു കൂടി കേള്‍ക്കുക: ‘ഇപ്പോള്‍ ഗുജറാത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ അടുത്തുവരികയാണ്. അത്തരമൊരവസ്ഥയില്‍ എന്റെ പടം വെച്ച് സമുദായങ്ങളെ തമ്മില്‍ തെറ്റിക്കുന്നത് എത്ര ദ്രോഹകരമാണ്? സമുദായങ്ങള്‍ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയാണ് വളര്‍ന്നുവരുന്നത്. അതങ്ങനെ വരുമ്പോള്‍ പെട്ടെന്ന് എന്റെ പടം രംഗപ്രവേശം ചെയ്യുകയായി. എന്താണ് ഇത്തരക്കാരുടെ ലക്ഷ്യം?’
‘ഒരു രാഷ്ട്രീയക്കാരും കലാപത്തിനിരയായ ഞങ്ങള്‍ക്കു ഗുണം ചെയ്തിട്ടില്ല.’ എന്നു തീര്‍ത്തുപറയുന്നു അന്‍സാരി. പിന്നെ ഗുണം ആര്‍ക്കാണ്? അന്‍സാരിയേയും അശോക് മോച്ചിയേയും ഷാഹിമിനേയും സര്‍ക്കസ് മൃഗങ്ങളെപ്പോലെ തങ്ങളുടെ വേദിയില്‍ കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ച മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കും ലീഗിനുമാണ് നേട്ടം. ഹിന്ദു-മുസ്ലിം മനസ്സുകളില്‍ ശത്രുത ഉണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യുക എന്ന നേട്ടം. ഇവര്‍ മാത്രമല്ല ലാഭം കൊയ്യുന്നവര്‍.
ഭാഷാപോഷിണി (2009 ജൂണ്‍ ലക്കം) എഴുതുന്നു: കലാപം ഉണ്ടായ 2002 മാര്‍ച്ചില്‍ തന്നെ അന്‍സാരിയുടെ ഫോട്ടോ വച്ച് ഭീകര സംഘടനയായ ലഷ്കര്‍ ഇ തയിബ തങ്ങളുടെ വെബ്സൈറ്റ് പരിഷ്കരിച്ചു. അന്‍സാരിയുടെ ചിത്രത്തിന് അടിക്കുറിപ്പ് അവര്‍ നല്‍കിയത് ഇങ്ങനെയായിരുന്നു. കണ്ണീരിനു പകരം അയാളുടെ കൈവശം തോക്കല്ലേ വേണ്ടതെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ലഷ്കറിനു കേരളത്തില്‍ കൂടുതല്‍ അനുയായികളെ കിട്ടാനും ഐഎസ്സിന് കൂടുതല്‍ റിക്രൂട്ടിങ് അവസരമുണ്ടാക്കാനും മണ്ണൊരുക്കുന്ന പണിയല്ലേ മാര്‍ക്സിസ്റ്റു പാര്‍ട്ടിയും മുസ്ലിംലീഗും ഇത്തരം കെട്ടിയെഴുന്നള്ളിക്കലിലൂടെ ചെയ്യുന്നത്? കേരളത്തില്‍നിന്ന് കൂടുതല്‍ പേര് മുസ്ലിംചാവേറുകളാകാന് തയ്യാറാവുന്നതിന് അന്തരീക്ഷമൊരുക്കുന്നത് ഇവരല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: