ആര്‍ക്കും ഇന്നോളം കഴിയാതിരുന്ന കാര്യം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുകഴിഞ്ഞു. അദ്ദേഹം രാഷ്ട്രീയം തിരുത്തി എഴുതി എന്നുമാത്രമല്ല, രാഷ്ട്രീയ വിശകലനവും സംവാദവും കൂടി തിരുത്തിക്കഴിഞ്ഞു. പുതിയ കാടന്‍ നിയമനിര്‍മാണങ്ങളോ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള പ്രത്യേക ശ്രമങ്ങളോ ഒന്നും നടത്താതെ തന്നെ ദേശീയതയും വികസന അജണ്ടയും രാജ്യസുരക്ഷയും ആധാരമാക്കി മോദി മാധ്യമങ്ങളെ ഇരുത്തിച്ചിന്തിക്കാന്‍ ബാധ്യസ്ഥമാക്കി.
അതാണ് ഇപ്പോള്‍ ചുരുക്കം ചില ചാനലുകളും ഇന്ത്യന്‍ എക്സ്പ്രസിനേയും ഹിന്ദുവിനേയുംപോലുളള പത്രങ്ങളുമൊഴിച്ചാല്, മാധ്യമങ്ങള്‍ പൊതുവെ സര്‍ക്കാരിന്റെ ചെയ്തികളെ ശ്ലാഘിക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ ഇതൊരുപക്ഷേ, ശരിയായിരിക്കില്ല. സാധന സേവന നികുതിയുടെ കാര്യത്തിലായാലും, ഇസ്രായേലുമായുള്ള ബന്ധത്തിന്റെ കാര്യത്തിലായാലും പുതിയ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശത്തിന്റെ കാര്യത്തിലായാലും മോദി കഴിഞ്ഞ 70 വര്‍ഷം ഇന്ത്യ ചിന്തിച്ചതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കാന്‍ എല്ലാവരെയും ബാധ്യസ്ഥമാക്കി. ഇത് കശ്മീര്‍ കാര്യത്തിലായാലും ചൈനയോടുള്ള നിലപാടിന്റെ കാര്യത്തിലായാലും ശരിതന്നെ.
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഏവരേയും സ്തംഭിപ്പിച്ചു. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും വിമര്‍ശിക്കാന്‍ വാക്കുകളും വാദമുഖങ്ങളുമില്ലാത്ത സ്ഥിതിയായി. ആരും ഈ പേര് ഊഹിക്കുകകൂടി ചെയ്തതല്ല. പക്ഷെ, ഇതിനേക്കാളേറെ യോഗ്യതയുള്ള ഒരു പേരും മുന്നോട്ടുവയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു ദളിത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവ്, അതും ആര്‍എസ്എസും ബിജെപിയുമായി ആദ്യകാലം മുതല്‍ ബന്ധമുണ്ടായിരുന്ന വ്യക്തി, ഇന്ത്യയുടെ രാഷ്ട്രപതിയാകും. കേരളത്തില്‍നിന്നു വന്ന കെ.ആര്. നാരായണനെ ഇവിടെ മറക്കുകയല്ല. അദ്ദേഹം രാഷ്ട്രീയക്കാരനെക്കാളധികം നയതന്ത്രജ്ഞനായിരുന്നു.
ദളിതനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ ദളിത് രാഷ്ട്രീയക്കാരന്റെതായിരുന്നില്ല. കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുക വഴി രണ്ട് പരമ്പരയ്ക്കാണ് നരേന്ദ്ര മോദി തുടക്കംകുറിച്ചത്. അല്ലെങ്കില്‍ രണ്ട് പാരമ്പര്യങ്ങള്‍ക്കാണ് അന്ത്യമുണ്ടാക്കിയത്. ഒന്ന്: ആര്‍എസ്എസ്സുമായോ ബിജെപിയുമായോ ബന്ധമുള്ള ഒരാള്‍ ആദ്യമായി രാഷ്ട്രപതി ആകാന്‍ പോകുന്നു. ഇക്കാര്യം ഈ പംക്തികളില്‍ കഴിഞ്ഞവട്ടം വ്യക്തമായി പറഞ്ഞതാണ്.
രണ്ട്: ഇതുവരെയും രാഷ്ട്രപതിയായവരെല്ലാം മുന്‍ കോണ്‍ഗ്രസുകാരോ സംഘപരിവാറുമായി~ഒരു ബന്ധവും ഒരിക്കലും പുലര്‍ത്തിയിട്ടില്ലാത്ത, അരാഷ്ട്രീയരോ ആയിരുന്നു. ഈ നിബന്ധനകളുടെ ചട്ടക്കൂടിലിരുന്നാണ്, ഇതിനായി മെട്രോ ചീഫ് ആയിരുന്ന ശ്രീധരന്റെയും അമിതാഭ്ബച്ചന്റെയും അങ്ങനെ ഏറെ പേരുകള്‍, പ്രതിപക്ഷവും മാധ്യമങ്ങളും മുന്നോട്ടുവച്ചത്.
യാതൊരു കൂസലുമില്ലാത്ത മോദി ചരിത്രം മാറ്റി എഴുതി. വിമര്‍ശിക്കാന്‍ ഒരു മാധ്യമത്തിനും പഴുതില്ലാതെയും പോയി. കൂടുതല്‍ പ്രതിച്ഛായയും ജനസമ്മതിയുമുള്ള ഒരു ബദല്‍ നേതാവിനെ മുന്നോട്ടുവയ്ക്കാന്‍ പ്രതിപക്ഷത്തിനൊട്ട് കഴിഞ്ഞതുമില്ല. അന്ധമായ ബിജെപി വിരോധം മാത്രം മുന്നില്‍വച്ച് പ്രതിപക്ഷം അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയാവട്ടെ, അഴിമതിയുടെ കറപുരണ്ട, വംശരാഷ്ട്രീയത്തിന്റെ പരിമിതികളുള്ള ഒരു വ്യക്തി.
ഇനി ജിഎസ്ടിയുടെ കാര്യമെടുക്കാം. ഇത്രയും വലിയ നികുതിപരിഷ്കാരം, ഇതിനുമുന്‍പ് ഒരിക്കലും ഒരിടത്തും ഒരു സര്‍ക്കാരും ആവിഷ്കരിച്ചിട്ടില്ല. മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും കാലം മുതല്‍ തുടര്‍ന്നുവന്ന നികുതി സമ്പ്രദായം പാടേ മാറ്റി. ഇതിന്റെ ഏറ്റവും വലിയ സ്തുതിപാഠകരില്‍ ഒരാള്‍ ഇപ്പോള്‍ കേരളത്തിലെ ധനകാര്യ മന്ത്രി ഐസക്കാണ്. പാര്‍ലമെന്റില്‍ ചെയ്തതുപോലെ നിയമസഭ വിളിച്ച് നിയമമവതരിപ്പിച്ച് വലിയ പരസ്യവും ശക്തമായ പിന്തുണയും, മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ നല്കി.
ഒരുതരത്തില്‍ പറഞ്ഞാല്‍ നോട്ട് നിരോധനവും ഈ പുതിയ സാധനസേവനനികുതിയും ഒന്നിച്ച് വായിക്കേണ്ടതാണ്. മൂന്ന് ട്രില്യന്‍ വിനിമയം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പോളം. തടസ്സങ്ങളും വഴിമുട്ടലുകളുമില്ലാതെ സാധനങ്ങളുടെ ക്രയവിക്രയം, ഇന്ത്യയെ മൊത്തം ഒരൊറ്റ കമ്പോളമായി കാണുന്ന വ്യവസ്ഥിതി, എല്ലാവര്ക്കും ഗുണം ചെയ്യും. ഇതൊരു വലിയ സാമ്പത്തിക വിപ്ലവമാണ്. സാധാരണക്കാരന്, ലഭിക്കുന്ന ഏറ്റവും വലിയ അവസരംകൂടിയാണിത്. നോട്ട് നിരോധനം പോലെ ഇതും സമത്വവും സമരസതയുമുണ്ടാക്കും. കുത്തകകളും പണച്ചാക്കുകളുമല്ല, പാവങ്ങളും സാധാരണക്കാരനുമാണിതിന്റെ ഗുണമനുഭവിക്കുക.
കഴിഞ്ഞ പത്തുനാളിനിടയ്ക്ക് പല സാധനങ്ങളുടെയും വില ഇടിഞ്ഞു. കാറിന്റെയും നിത്യോപയോഗ വസ്തുക്കളുടെയും ഭൂമിയുടെയും ഭവനങ്ങളുടെയും നാല്‍പ്പത് ശതമാനംവരെ വില ഇടിഞ്ഞു. ഇത് കൊള്ളലാഭക്കാരെയും ബാധിക്കും. നികുതിയിനത്തില്‍ കേരളത്തിനു മാത്രം ആയിരം കോടിയിലധികം ലാഭമുണ്ടാകുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി പറഞ്ഞു. ഏതാണ്ട് ഇരട്ടിയോളം കൂടുതല്‍ ആളുകള്‍ നികുതി വ്യവസ്ഥയുടെ ഭാഗമാകും. ക്ലിയറന്‍സ് വില്‍പ്പനയിലൂടെ തുച്ഛ വിലയ്ക്ക് കമ്പോളങ്ങളില്‍നിന്ന് ഇപ്പോള്‍ ധാരാളം വസ്തുക്കള്‍ ഉപഭോക്താക്കള്‍ വാങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരമായി കണ്ടിരുന്ന ആയിരക്കണക്കിന് ട്രക്കുകള്‍ മണിക്കൂറുകളോളം ചെക്പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്ന കാഴ്ച കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ല. ചെക്പോസ്റ്റുകള്‍ അവസാനിച്ചു.
അതുകൊണ്ടുതന്നെ ഗതാഗതം സുഗമവും വേഗംകൂടിയതുമായി. രാജ്യത്തിന്റെ ഏതു കോണില്‍നിന്നും വിലക്കുറവുള്ള വസ്തുക്കള്‍ അത്യാവശ്യമുള്ള മേഖലകളിലേക്ക് സുഗമമായി എത്തിക്കാന്‍ ഇനി വ്യാപാരികള്‍ക്ക് കഴിയും. ആദ്യ ഘട്ടത്തില്‍ ചെറുകിട വ്യാപാരികള്‍ക്കിടയില്‍ കുറെ അസ്വസ്ഥതകളും ഏറെ ആശയക്കുഴപ്പവുമുണ്ട്. ഏറെ അസത്യപ്രചാരണങ്ങളും.
ജിഎസ്ടി നടപ്പാക്കാന്‍ പറ്റുകയേയില്ല. ഇന്ത്യ മുഴുവന്‍ വലിയ സാമ്പത്തിക അസ്വസ്ഥതകള്‍ ഉണ്ടാക്കും. കമ്പോളം ആശയക്കുഴപ്പത്തിലാകും. ഉപഭോക്താക്കള്‍ വഴിയാധാരമാകും എന്നെല്ലാം പ്രവചിച്ചവര്‍ ഇപ്പോള്‍ ഒരക്ഷരം പറയാനില്ലാത്ത അവസ്ഥയിലാണ്. സമയമായിട്ടില്ല, ഇനിയും വൈകിയേ നടപ്പാക്കാവൂ എന്നായിരുന്നു ചിദംബരത്തിന്റെ ഉപദേശം.
ഏതാണ്ട് 20 വര്‍ഷം ഇത് നടപ്പാക്കാതെ, നടപടികളെടുക്കാതെ അവശതയും നയപരമായ മരവിപ്പും കാരണം സാമ്പത്തികരംഗം താറുമാറാക്കിയവരാണ് ജിഎസ്ടി, നടപ്പാക്കിയാല്‍ രാഷ്ട്രീയ വില കൊടുക്കേണ്ടിവരും, ജനം വിഷമിക്കും, കമ്പോളം താറുമാറാകും എന്നെല്ലാം പറഞ്ഞത്. കുറെയൊക്കെ ഉണ്ടായേക്കുമെന്ന ഭയമുണ്ടായിട്ടും പുതിയൊരു വിപ്ലവകരമായ മാറ്റത്തിന് കര്ട്ടന് പൊക്കാനുള്ള തന്റേടം മോദി സര്‍ക്കാര്‍ കാണിച്ചു. ഇത് അരുണ്‍ ജെയ്റ്റ്ലിയുടെ അനുനയത്തിന്റെയും നയപരമായ സമീപനത്തിന്റെയും വിജയംകൂടിയാണ്. ഇത്രയും സംസ്ഥാനങ്ങളെ ഒരൊറ്റ സംവിധാനത്തിനുള്ളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതുതന്നെ മറ്റൊരു നേതാവിനും സാധിക്കാത്തതാണ്.
നോട്ട് നിരോധനത്തെ അപേക്ഷിച്ച് കൂടുതല്‍ ക്രിയാത്മകമായ സമീപനമാണ് ചരക്ക് സേവന നികുതി കാര്യത്തില്‍ മാധ്യമങ്ങളും കൈക്കൊണ്ടത്. ചെറിയ അസ്വസ്ഥതകള്‍ പെരുപ്പിച്ചുകാണിച്ച് ബിജെപി വിരുദ്ധ മനോഭാവമുണ്ടാക്കാന്‍ ഇക്കുറി ശ്രമിച്ചില്ല എന്നുതന്നെ പറയാം.
ഏറെ വിപ്ലവകരമായ മറ്റൊരു കാല്‍വയ്പ്പായി പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. ഒരു പ്രധാനമന്ത്രിയും ഇതിന് മുന്‍പ് ആലോചിക്കുകകൂടി ചെയ്യാത്തത്. 70 വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഇസ്രായേല്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് അവിടത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.
മോദിക്ക് ലഭിച്ചതുപോലുള്ള വരവേല്‍പ്പ് ഇതിന് മുന്‍പ് ഒരു രാഷ്ട്രത്തലവനും ഇസ്രായേല്‍ നല്‍കിയിട്ടില്ല. അവിടുത്തെ പ്രധാനമന്ത്രിക്കൊപ്പം മൂന്ന് ദിവസം മുഴുവനും ചെലവഴിച്ചു. കരാറുകളെല്ലാം സാധാരണക്കാരന് ആശ്വസം നല്‍കുന്നത്. കൃഷി, ജലസേചനം, ശാസ്ത്രസാങ്കേതിക ഗവേഷണങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കമുള്ള കരാറുകളാണ് ഇന്ത്യയും ഇസ്രായേലും കൈമാറിയത്. ഗവേഷണരംഗത്തും ആധുനിക ജലസേചനമാതൃകയിലും ആധുനിക നിര്‍മാണത്തിലും ഭീകരവാദികളെ താവളങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലും ഏറെ ശേഷിയുള്ള ആയുധങ്ങളും യുദ്ധതന്ത്രങ്ങളുമാണ് ഇസ്രായേലിന്റേത്.
അമേരിക്കയില്‍ ട്രംപുമായി നടത്തിയ വിജയകരമായ കൂടിക്കാഴ്ചകള്‍ക്കും ഭീകരവാദത്തിനെതിരെ ഒന്നായി പോരാടാനുള്ള തീരുമാനത്തില്‍ അമേരിക്കയും ഇസ്രായേലും ഇന്ത്യയുടെ പങ്കാളിയായ സാഹചര്യത്തില്‍ അതിശക്തമായൊരു പ്രതിരോധ ചേരിയാണ് മോദി ഇന്ത്യക്ക് നേടിയെടുത്തത്. ഇതാണ് ചൈനയെയും പാക്കിസ്ഥാനെയും ഇത്രകണ്ട് അങ്കലാപ്പിലാക്കിയതും.
യാതൊരു നയതന്ത്ര രാഷ്ട്രീയ മുതല്ക്കൂട്ടലുമില്ലാത്ത നയമായിരുന്നു പാലസ്തീനൊപ്പംനിന്ന് പശ്ചിമേഷ്യയില്‍ കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ തുടര്‍ന്നുവന്നത്. ഇതിന് അന്ത്യംകുറിച്ചു മോദി. വിദേശനയം ഇന്ത്യയെ കേന്ദ്രബിന്ദുവാക്കി. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കി. വോട്ടു ബാങ്കും വര്‍ഗീയ രാഷ്ട്രീയവും വളര്‍ത്താനല്ല വിദേശ നയമെന്ന് മോദി തെളിയിച്ചു. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ഇന്നു നേടിയെടുക്കാനായ വലിയ പദവിയുടെ കാരണവും ഇതാണ്. റഷ്യയുമായുള്ള ബന്ധം മോദി വീണ്ടും സജീവമാക്കി. ഇതൊക്കെ ഇന്ത്യയുടെ ശത്രുക്കള്‍ക്ക് കണ്ണുകടിയായി. ചൈന അതിര്‍ത്തിയില്‍ നടത്തുന്ന കോപ്രായങ്ങളുടെ കാരണവും മറ്റൊന്നല്ല. ചുട്ട മറുപടിയാണ് ഇന്ത്യ കൊടുത്തത്. ചൈനീസ് സൈനികരെ പുറംതള്ളി, ശക്തമായ ഇടപെടല്‍ നടത്തിയപ്പോള്‍ ഇന്ത്യ പ്രതികരിക്കുമെന്നും തിരിച്ചടിക്കുമെന്നും ചൈനക്ക് ബോധ്യമായി.
ചൈനക്കെതിരായി തന്നെ, ജപ്പാന്, ദക്ഷിണ കൊറിയ, ഇന്ത്യ, വിയറ്റ്നാം, അമേരിക്ക അച്ചുതണ്ട് ശക്തമാക്കുമ്പോള്‍ തായ്വാനും, മ്യാന്മറും ഇസ്രായേലും ശ്രീലങ്കയും കൂടി ഇതിന്റെ ഭാഗമായി. ബംഗ്ലാദേശും ഭൂട്ടാനും ഇന്ത്യക്കൊപ്പമാണ്. പാക്കിസ്ഥാനെ ചൈന കോളനിയാക്കി. പാക്കിസ്ഥാനുവേണ്ടി വിടുപണി ചെയ്യുന്ന ആഭാസകരമായ കാഴ്ചയാണ് ചൈന കാഴ്ചവച്ചത്. ഇതില്‍ ഒറ്റപ്പെട്ടതും പരിഹാസപാത്രമായതും അവര്‍തന്നെ. ഒരു സൈനിക ഏറ്റുമുട്ടലിന് ശ്രമിച്ചാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാകുക ചൈനയ്ക്കാകുമെന്ന ബോധ്യവും വൈകിയെങ്കിലും ആ രാജ്യത്തിനുണ്ടായത് ഭാഗ്യം.
കശ്മീരിലാണെങ്കിലും ഇതിനു മുന്പത്തേതില്നിന്ന് വ്യത്യസ്തമായ സമീപനമാണ് ബിജെപി സര്‍ക്കാരിന്റേത്. കോണ്‍ഗ്രസ് ഭരണകാലത്ത് രണ്ടു കൈയും പിന്നില്‍ കെട്ടിയാണ് ഭീകരവാദികളെ നേരിടാന്‍ സൈന്യം ശ്രമിക്കുന്നതെന്ന് പറയാറുണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിതിമാറി. ഭീകരവാദികളെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് പാര്‍പ്പിടങ്ങള്‍ കൊടുക്കുന്നിടം പരിശോധിക്കാന്‍ മാത്രമല്ല, ഉന്മൂലനംതന്നെ ചെയ്യാനുള്ള അനുമതി സൈന്യത്തിനുണ്ട്. അതിനൊപ്പം ഇപ്പോള്‍ ചാനലുകളും കശ്മീരില്‍ പാക്ചാരന്മാരായി പ്രവര്‍ത്തിച്ച് പണം പറ്റുന്നവരെ തുറന്നടിച്ച് ആക്ഷേപിക്കാനും പൊതുജനമധ്യത്തില്‍ തേജോവധം ചെയ്യാനും സന്നദ്ധമായി. ഇത് കശ്മീര്‍ ഭീകരവാദത്തിന്റെ ഒടുവിലത്തെ ഘട്ടമാണ്. സൈന്യത്തിന് പൂര്‍ണമായ പിന്തുണ കൊടുക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലിന്നുള്ളതുകൊണ്ടാണ് ഭീകരര്‍ തിരഞ്ഞുപിടിച്ച് വധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: