ജീവകാരുണ്യനിര്‍ഭരമായ മനസ്സ് ഉല്‍ക്കര്‍ഷോന്മുഖമായ മാര്‍ഗ്ഗത്തിലേയ്ക്കേ പ്രവേശിക്കുകയുള്ളു. സംസ്ക്കാരചരിത്രത്തില്‍ കറുത്ത മഷിപ്പാടുകള്‍ ചേര്‍ക്കുന്നത് ജീവകാരുണ്യത്തിന്റെ അഭാവംമൂലമാണ്. ഭൗതികപുരോഗതിക്ക് ആത്മപ്രകര്‍ഷവും ജന്തുകാരുണ്യവും അത്യന്താപേക്ഷിതമാണെന്ന് ചട്ടമ്പി സ്വാമികള്‍ പറയുന്നു.
ആ സ്നേഹഗായകന്റെ ആദര്‍ശംതന്നെ അഹിംസാത്മകമായ ജന്തുകാരുണ്യമാണ്. അഹിംസ എന്നു പറയുമ്പോള്‍ ശ്രീബുദ്ധന്റേയോ മഹാത്മജിയുടേയോ അഹിംസാസിദ്ധാന്തത്തില്‍ നിന്നും കുറച്ചുകൂടി ശാസ്ത്രീയമായ ഒരു നിര്‍വ്വചനമാണ് സ്വാമികള്‍ക്കുള്ളത്. ഹിംസ കാണുമ്പോളുണ്ടാകുന്ന കരുണാര്‍ദ്രമായ വികാരമോ ബ്രഹ്മചര്യനിഷ്ഠമായ ജീവിതരീതിയോ മാത്രമായിരുന്നില്ല അവിടത്തെ അഹിംസ. പരമമായ ധര്‍മ്മം എന്ന നിലയില്‍ സ്വാമികള്‍ അഹിംസയെ ആദര്‍ശമായി വരിച്ചു.
ജന്തുഹിംസയോടുള്ള വിദ്വേഷമാകട്ടെ ചിരസ്ഥായിയും നൈസര്‍ഗ്ഗികവുമായ ഒരാത്മബോധത്തില്‍ അധിഷ്ഠിതമായിരുന്നുതാനും. ജന്തുക്കളെ ഹിംസിക്കുന്നതോ മാംസം ഭക്ഷിക്കുന്നതോ തന്മൂലം അവിടത്തേയ്ക്കു ഹൃദയഭേദകമായിരുന്നു. വണ്ടിക്കാരന് വണ്ടിക്കാളയെ ‘ചുളുചുളെ’ അടിച്ചപ്പോള്‍ റോഡരികെ നടന്നുപോയ സ്വാമികള്‍ വേദന സഹിയാതെ തുട തൂത്തുവത്രേ. ഹിംസാത്മകമായ ലോകത്തില്‍ അഹിംസയെ പുനഃപ്രതിഷ്ഠചെയ്യുവാനായിരുന്നു സ്വാമികളുടെ യത്നം. അഹിംസയുടെ പരിപൂര്‍ണ്ണാവസ്ഥയെയാണ് മോക്ഷമെന്ന് അദ്ദേഹം നിര്‍വ്വചിച്ചത്.
ലോകോല്പത്തി മുതല്‍ തന്നെ ഹിംസയുണ്ട്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍.
ഈ സ്വഭാവബോധത്തെ മാറ്റുകയോ നിയന്ത്രിക്കുകയോ ചെയ്യുക ലഘുസാദ്ധ്യമല്ല. എന്നാല്‍ ഹിംസയുടെ മണ്ഡലത്തില്‍ നിന്നും ക്രമമായി അകലുന്തോറും അഹിംസയോടടുത്തുവരാമെന്നും അചിരേണ അസിംഹയുടെ പൂര്ണ്ണാവസ്ഥയില് എത്തിച്ചേരാമെന്നും സ്വാമികള്‍ ‘ജീവകാരുണ്യനിരൂപണം’വഴി വിശദമായി പ്രസ്താവിക്കുന്നുണ്ട്. അവിടന്നു പറയുന്നു:
പ്രകൃതിസൃഷ്ടി ഹിംസയ്ക്കായിട്ടല്ല. അല്പനേരമെങ്കിലും അനങ്ങാതെയും മിണ്ടാതെയും ഭക്ഷിക്കാതെയും ശ്വാസമടക്കിക്കൊണ്ടിരിക്കാമെങ്കില്‍ അത്രയും നേരം അഹിംസകനായിരിക്കാനും കഴിയും. കുട്ടികളല്ലാത്തവര്‍ക്കെല്ലാം ഇതു കഴിയുന്നതാണ്. അതിനാല്‍ എല്ലാത്തിനേയും ഹിംസിക്കാനല്ല ഹിംസിക്കാതിരിക്കാനാണു കഴിയുന്നത്.
ആടുമാടു മുതലായ ജന്തുക്കള്‍ മനുഷ്യര്‍ക്കും മറ്റും കൊന്നു തിന്നാനുള്ളവയാണെന്നും തിന്നുമെന്നുമുള്ള ബുദ്ധിയും അതിലേക്കു തക്ക ശക്തിയും മനുഷ്യാദികള്‍ക്കും, അളവറ്റ വേദന, ഭയം, അതില്‍നിന്നു രക്ഷപ്പെടണമെന്ന് അത്യാഗ്രഹം ഇവയെല്ലാം ഇപ്പോഴും ഉണ്ടായിരുന്നിട്ടും അതു ഫലപ്പെടാതെ കൊല്ലപ്പെടാന്‍ (മരിക്കാന്‍) ഉള്ള ശക്തിമാത്രം മൃഗാദികള്‍ക്കും സിദ്ധിച്ചിരിക്കുന്നു. അതുപോലെ മനുഷ്യാദികള്‍ അവയെ ഭക്ഷിച്ചുപോരുന്നത് സാധാരണയായിരിക്കയാല്‍ മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം, കടുവാ, പുലി മുതലായവ മനുഷ്യരേയും മറ്റും പിടിച്ചു തിന്നുന്നത് സ്വാഭാവികമായിരിക്കുന്നതുകൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദിയെ സൃഷ്ടിച്ചത് എന്നും വിചാരിക്കണം.’
‘അഹിംസകനെന്ന ഉന്നതബിരുദം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഏവനും ഓരോ ജീവരാശിയിലും ഹിംസകളെ ഉപേക്ഷിച്ച് വേഗത്തോടുകൂടി കടന്നുപോകേണ്ടതായിത്തന്നെയിരിക്കുന്നു. ഇപ്രകാരം കടന്നുപോകുന്നവരില്‍ മൂന്നും നാലും പടികളിലേയ്ക്കു കടന്നുപോയവരാണ് സസ്യഭുക്കുകള്‍. ഇവരുടെ അടുത്തപടി ഏതാണെന്ന് ഒരു ചോദ്യമുണ്ടാകാം. സസ്യഭക്ഷണത്തിലും ഹിംസയുണ്ടെന്നുള്ള അറിവിന്റെ പൂര്‍ണ്ണതയും അതില്‍നിന്നു വിരമിക്കുന്നതിനുള്ള ശക്തിയും അത്യുത്സാഹാനുഷ്ഠാനങ്ങളുംകൊണ്ട് അവര്‍ കേവലം ഉണങ്ങിവീഴുന്ന ഇലകളേയും ശുഷ്ക്കഫലങ്ങളേയും ആഹരിച്ചും അതിലും ഹിംസയുണ്ടെന്നു കണ്ട് കേവലം ജലത്തെ മാത്രം ആശ്രയിച്ചും ജീവിക്കും. അപ്പോള്‍ അവിടെയും ഹിംസ വെളിവാകുമല്ലോ.
അനന്തരം വായുവിനെമാത്രം ആഹാരംചെയ്തു ജീവിക്കും. ഈ നിലയിലെത്തുമ്പോഴാണ് അവരെ യോഗികള്‍ എന്നു പറയുന്നത്. വായുഭക്ഷണത്തിലും ഹിംസയെ ഭയന്ന് അതില്‍നിന്നും വിരമിക്കുന്നതിനുള്ള ശക്തിയെ അതില്‍ ഇരുന്നുകൊണ്ടു സമ്പാദിച്ചുകഴിഞ്ഞാല്‍ പ്രാണനെ അടക്കി വിചാരരൂപജ്ഞാനസമാധിയെ ആശ്രയിക്കാം. നമ്മുടെ സകല മതാചാര്യന്മാരും ഒന്നുപോലെ ഘോഷിക്കുന്നതും വേറൊന്നിനാല്‍ താനും തന്നാല്‍ വേറൊന്നും ഹിംസിക്കപ്പെടുക എന്നുള്ള നിലയെ അതിക്രമിച്ചതും ആയ മോക്ഷമെന്ന ആ പരമാനന്ദപദത്തെ പ്രാപിക്കും. അതോടുകൂടിത്തന്നെ പരിപൂര്‍ണ്ണ അഹിംസകന് ആയിത്തീരുകയും ചെയ്യുന്നു.’
സസ്യഭുക്കുകള്‍ക്കുപോലും ഹിംസാവലയത്തിന്റെ പുറത്തുചാടുവാന്‍ നിര്‍വ്വാഹമില്ലാത്തവിധം നിഷ്കൃഷമാണ് ചട്ടമ്പിസ്വാമികളുടെ അഹിംസാനിര്‍വ്വചനം. ഈശ്വരവിശ്വാസിയായ സ്വാമികള്‍ ക്ഷേത്രങ്ങളിലെ ജന്തുബലിയെ കഠിനമായി വെറുത്തിരുന്നു. കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ നടയില്‍ അവിടന്നു തൊഴാറുണ്ടായിരുന്നില്ല. ജന്തുബലിയുള്ള ആ ക്ഷേത്രം കശാപ്പുസ്ഥലമല്ലേ എന്നവിടന്നു ചോദിക്കും. സ്വാമികളുടെ അഹിംസാചരണം അത്രകണ്ടു പരിപൂര്‍ണ്ണമായിരുന്നു. പട്ടി, പൂച്ച, ഉറുമ്പ്, അണ്ണാന് മുതലായ ജന്തുക്കള്‍ക്ക് അവിടത്തെ ആഹാരത്തിന്റെ ഗണ്യമായ ഒരംശം എവിടെയായാലും ലഭിച്ചുവന്നു.
സ്നേഹംകൊണ്ട് അദ്ദേഹം സ്നേഹം സമ്പാദിച്ചു. എല്ലാ ജീവജാലങ്ങളേയും സത്യസ്വരൂപനായ ഈശ്വരന്റെ അംശമായിട്ടുതന്നെ സ്വാമികള്‍ കരുതിപ്പോന്നു. തന്റെ വിചാരത്തെ ജന്തുക്കളെ അറിയിക്കാനും അവയുടെ അന്തര്‍ഗതം മനസ്സിലാക്കാനും കഴിഞ്ഞിരുന്ന ചട്ടമ്പിസ്വാമികള്‍ ലോകമെല്ലാം ഒറ്റമനസ്സാണെന്നും മനസ്സിനും മനസ്സിനുമിടയ്ക്ക് വിടവില്ലെന്നും ഉല്‍ബോധിപ്പിച്ചിരുന്നു. അഹിംസയുടെ പ്രതിഷ്ഠയില്‍ വൈരത്യാഗമുണ്ടാകുന്നു എന്ന യോഗസൂത്രവാക്യത്തിന്റെ പൊരുളായിരുന്നു സ്വാമികളുടെ ജീവിതം. ചേരയും തവളയും, പശുവും പുലിയും അവിടത്തെ അഹിംസാത്മകമായ സന്നിധിയില്‍ വിരോധഭാവം വെടിഞ്ഞു വര്‍ത്തിച്ചിരുന്നു. ഖലന്മാര്‍പോലും സ്വാമികളുടെ സന്നിധിയില്‍ ശാന്തരായി പരിണമിക്കാറുണ്ട്.
(ജസ്റ്റിസ് കെ.ഭാസ്കരപിള്ളയുടെ ‘ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം’ എന്ന കൃതിയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: