തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന വനിതാ പോലീസ് ബറ്റാലിയനിലേക്ക് വിവിധ ആംഡ് പോലീസ് ബറ്റാലിയനുകളില്‍ നിന്നു രണ്ടാംഘട്ടമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ള 382 വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള വൈദ്യപരിശോധന ഇന്നു മുതല്‍ 15 വരെ രാവിലെ 7.30ന് നടത്തും. എസ്എപി ആശുപത്രിയിലാണ് പരിശോധന.
തിരുവനന്തപുരത്താണ് വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം. കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ 20 വനിതാ ഹവില്‍ദാര്‍മാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആര്‍മര്‍ എസ്.ഐ, 10 ടെക്നിക്കല്‍ വിഭാഗം എന്നിവ ബറ്റാലിയനില്‍ ഉണ്ടാകും. ഇതിനുപുറമെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, കാഷ്വല്‍/സ്റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര് വീതവും എട്ട് ക്ലാര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അസിസ്റ്റന്റ്, 20 ക്യാമ്പ് ഫോളോവര്‍മാര്‍ എന്നിവരും ഈ ബറ്റാലിയനില്‍ ഉണ്ടാകും.
രണ്ടാംഘട്ടത്തില്‍ നിയമന ശുപാര്‍ശ ലഭിച്ചതില്‍ വൈദ്യപരിശോധനയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ 0471-2726868 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് കമാന്‍ഡന്റ് ആര്. നിശാന്തിനി അറിയിച്ചു. രണ്ടാംഘട്ട വൈദ്യപരിശോധനകൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആദ്യ വനിതാ ബറ്റാലിയന് ബാച്ചിന്റെ പരിശീലനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: