കുട്ടനാട്: എസി റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തുടങ്ങുവാന്‍ കെഎസ്ഡിപി അധികൃതര്‍ക്കു മന്ത്രി ജി.സുധാകരന്റെ നിര്‍ദേശം.
കരാര്‍ ഏറ്റെടുത്ത കമ്പനി പണികള്‍ ചെയ്യാന്‍ തയാറായില്ലെങ്കില്‍ അവരെ മാറ്റി പുതിയ കരാര്‍ നല്കുവാനും മന്ത്രി നിര്‍ദേശിച്ചു. കമ്പനിക്ക് അവസാനവട്ട നോട്ടിസ് നല്‍കിയതായി കെഎസ്ഡിപി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്എപിസിയെയാണു റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കു കെഎസ്ഡിപി ചുമതലപ്പെടുത്തിയിരിക്കുന്നത്.
2012 ല്‍ ആണ് എന്‍എപിസി പാലാ– ഈരാറ്റുപേട്ട, തിരുവല്ല– മാവേലിക്കര, എസി റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികളുടെ കരാര്‍ ഏറ്റെടുത്തത്. അഞ്ചു വര്‍ഷമാണു കരാര്‍ കാലാവധി.
എന്‍എപിസി കരാര്‍ ഏറ്റെടുത്ത ആദ്യ വര്‍ഷങ്ങളില്‍ തന്നെ മറ്റു രണ്ടു റോഡുകള്‍ക്കൊപ്പം എസി റോഡും ടാറിങ് നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന ടാറിങ്ങിന്റെ മുകളില്‍ രണ്ടര സെന്റീ മീറ്റര്‍ മിക്സ് സീല്‍ സര്‍ഫസിങ് (എംഎസ്എഫ്) ചെയ്യുകയാണുണ്ടായത്.
വെള്ളപ്പൊക്കവും മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാലും എസി റോഡിലെ പുതിയ ടാറിങ് ഇളകുന്നതിനൊപ്പം പഴയ ടാറിങ്ങും ഇളകാന്‍ തുടങ്ങിയത് റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ കാരണമായി. കുഴിയും വെള്ളക്കെട്ടും കാരണം വാഹനാപകടങ്ങളും പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: