കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’ പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നുമാണ് ദിലീപിനെ നീക്കിയത്. നടന് മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.
അമ്മയുടെ ഭരണഘടനയനുസരിച്ച് ദിലീപിനെ പെട്ടെന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും യുവതാരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന് ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തതായാണ് സൂചന. ആദ്യം പുറത്താക്കല്‍, പിന്നീട് ഭരണഘടന നോക്കാം എന്നായിരുന്നു അവരുടെ നിലപാട്.
ദിലീപ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തിയതിനാലാണ് പുറത്താക്കുന്നതെന്ന് യോഗശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐക്യദാര്‍ഢ്യം, ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിക്കൊപ്പമാണ്. തുടര്‍ന്നുള്ള നിയമ നടപടിക്കും ഒപ്പമുണ്ടാകും.
അമ്മയില്‍ അംഗത്വമുള്ള ചിലര്‍ ആക്രമിക്കപ്പെട്ട സഹോദരിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധവും ഖേദവും പ്രകടിപ്പിക്കുന്നു. ഇനി ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍, സെക്രട്ടറി ഇടവേള ബാബു, കമ്മിറ്റിയംഗങ്ങളായ ദേവന്, പൃഥ്വിരാജ്, ആസിഫ് അലി, കലാഭവന്‍ ഷാജോണ്‍, രമ്യ നമ്പീശന് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: