കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിനെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ്് ചെയ്തു. ഗൂഢാലോചന, കൂട്ടബലാത്സംഗ ശ്രമം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പതിനൊന്നു കുറ്റങ്ങള്‍ ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ആറു മണിക്ക്് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ലീന റിയാസിന്റെ വേങ്ങൂരിലെ വസതിയിലെത്തിച്ചാണ് റിമാന്‍ഡ് ചെയ്തത്. നടപടി പൂര്‍ത്തിയാക്കി ദിലീപിനെ ആലുവ സബ്ജയിലിലേക്ക് മാറ്റി.
ഇപ്പോള്‍ പതിനൊന്നാം പ്രതിയായാണ് ദിലീപിനെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഹതടവുകാരനായിരുന്ന വിഷ്ണു ഒമ്പതാം പ്രതിയാണ്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. ദിലീപിനെതിരെ 19 തെളിവുകളും റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം അന്വേഷണ സംഘം കോടതിക്ക് കൈമാറി. അടുത്ത കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും.
കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് നടിയോട് ദിലീപിനുണ്ടായ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2013 മുതല്‍ 2016 വരെ നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നു.
ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ ദിലീപ് നേരിട്ടാണ് നല്‍കിയത്. നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളില്‍ വേണമെന്ന് ദിലീപ് നിര്‍ബന്ധം പിടിച്ചു. ക്വട്ടേഷന്റെ ആദ്യ ഗഡുവായി പതിനായിരം രൂപയും കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 മാര്‍ച്ചില്‍ അമ്മയുടെ വിദേശ ഷോയുടെ റിഹേഴ്സല്‍ കൊച്ചിയിലെ ഹോട്ടലില്‍ നടന്നപ്പോഴാണ് ഗൂഢാലോചന ആരംഭിക്കുന്നത്. അന്ന് 12 ദിവസം സുനിയും ദിലീപിനൊപ്പം ഹോട്ടലില്‍ തങ്ങി. പിന്നീട് 2016ല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം സിനിമയുടെ സൈറ്റിലും ദിലീപിന്റെ ബിഎംഡബ്ല്യു കാറില്‍ വച്ചും ഗൂഢാലോചന നടന്നതായും പോലീസ് പറയുന്നു.
സാക്ഷിമൊഴികള്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍, ശാസ്ത്രീയ പരിശോധന എന്നിവയുള്‍പ്പെടെ 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയിട്ടുള്ളത്. 16 പേജുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് സിഐ ബൈജു കെ. പൗലോസാണ് ഹാജരാക്കിയത്.
തിങ്കളാഴ്ച രഹസ്യ കേന്ദ്രത്തില്‍ പത്തുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വൈകിട്ട് 6.30നാണ് അന്വേഷണ സംഘം ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ പോലീസ് ക്ലബ്ബില്‍ നിന്നാണ് മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത് ഉത്തരവായതോടെ 7.30ന് സബ് ജയിലിലെത്തിച്ചു. 523-ാം നമ്പര്‍ തടവുകാരനായ ദിലീപ് അഞ്ച് തടവുകാര്‍ക്കൊപ്പമാണ്
വന്‍ പോലീസ് സുരക്ഷയിലാണ് ദിലീപിനെ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലിനും മറ്റുമായി കസ്റ്റഡിയില്‍ വിടണമെന്ന അപേക്ഷയും ദിലീപിന്റെ ജാമ്യപേക്ഷയും കോടതി ബുധനാഴ്ച പരിഗണിക്കും. തന്നെ കുടുക്കിയതാണെന്നും നിരപരാധിത്തം തെളിയിക്കുമെന്നും മജിസ്ട്രേട്ടിന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ അഭിഭാഷകന് കെ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്. നാട്ടുകാര്‍ കൂക്കി വിളികളോടെയാണ് ദിലീപിനെ എതിരേറ്റത്.
സുനി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ദിലീപ് നല്കിയ പരാതി തട്ടിപ്പായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. സുനി ജയിലില്‍ നിന്ന് വിളിച്ച് 20 ദിവസത്തിനുശേഷമാണ് ദിലീപ് പോലീസില്‍ പരാതി നല്‍കിയത്.
ഒളിവില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്കും വിജീഷിനും കോടതിയില്‍ കീഴടങ്ങാന്‍ എല്ലാ സഹായവും നല്കിയ അഭിഭാഷകന് പ്രതീഷ് ചാക്കോയെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നായിരുന്നു സുനി നല്കിയ മൊഴി. മെമ്മറികാര്‍ഡും സുനിയുടെ വസ്ത്രങ്ങളുമടങ്ങിയ ബാഗ് പ്രതീഷിന്റെ ഓഫീസില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: