ബത്തേരി : അച്ചടക്ക നടപടിയുടെ ഭാഗമായി കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണ മെന്നാവശ്യപ്പെട്ട് എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമത്തിലും കോളേജ് അടിച്ചു തകര്‍ക്കലിലും കലാശിച്ചു. സംഭവത്തില്‍ ഒരു അധ്യാപികക്ക് പരിക്കേറ്റു .കോളേജിന്റെ വാതിലുകളും ജനലുകളും, കമ്പ്യുട്ടറുകളും അടിച്ചു തകര്‍ത്ത നിലയിലാണ്.
രാഷ്ട്രീയ രഹിതമായ കോളേജില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ യൂണിറ്റ് രൂപീകരിച്ച് ബോര്‍ഡ് വെക്കുകയുണ്ടായി. ഇതിന്റെ പേരില്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിയോട് വിശദീകരണം തേടുകയുണ്ടായി. എന്നാല്‍ തൃപ്തികരമല്ലാത്ത മറുപടി ഉണ്ടായതിനെ തുടര്‍ന്ന്, രക്ഷിതാവിനെ കൂട്ടികൊണ്ടുവന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അച്ചടക്ക സമിതിഅറിയിക്കുകയുണ്ടായി. തിങ്കളാഴ്ച ഉച്ചക്ക് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനെ ഘരാവോ ചെയ്തു. ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് രക്ഷിതാവിനെയും കൂട്ടി വന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞ്. എന്നാല്‍ ഇന്നലെ പറഞ്ഞ സമയത്ത് ഇരുനൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് ഇരച്ചു കയറി കണ്ണില്‍ കണ്ടെതെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു.
നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന കോളേജിന്റെ വാതിലുകളും ജനലുകളും,കമ്പ്യുട്ടറുകളും, ഓഫീസില്‍ ,സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചതായി കോളേജ് അധികൃതര്‍ പിന്നിട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോളേജിലെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിന് വേണ്ടിയുള്ള ചാപ്പലും ഡോണ്‍ ബോസ്കോ കോളേജിനോട് ചേര്‍ന്നുള്ള ടെക്നിക്കല്‍ ഇന്സ്റ്റിറ്റിയുട്ടിനും കേട്പാട് വരുത്തുകയുണ്ടായി. കോളേജില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. രക്ഷിതാക്കളുടെ യോഗം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് നടക്കും .25 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കോളേജിന് മാത്രം സംഭവിച്ചതെന്ന് ഡോണ്‍ ബോസ്കോ പി.ആര്.ഒ ബിജു, വിവിധ വകുപ്പ് തലവന്മാരായ എല്‍ദോ,നിഖില്‍,ബാബു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: