കേരള മോഡലായിരുന്നു പുരോഗതിയ്ക്ക് പണ്ട് താരതമ്യ മാനദണ്ഡം. ‘പുരോഗതി’ ‘വികസന’മായതു മാത്രമല്ല ഗുജറാത്ത് മാനദണ്ഡമാകാന്‍ കാരണം. ഊറ്റം കൊണ്ടിരുന്ന ‘പുരോഗതി’യും ‘കേരള മോഡ’ലും സൂക്ഷ്മ വിലയിരുത്തല്‍ നടത്തിയാല്‍, പിന്നോട്ടടിച്ചു എന്നു വ്യക്തമാകുന്നതുതന്നെ കാരണം.
നിയമ നിര്‍മ്മാണത്തോടെ നോക്കൂകൂലി കാലം ചെയ്തെങ്കിലും മറ്റു പല പ്രേതങ്ങളും ബാധയായി നില്‍ക്കുന്നുണ്ട്. അതിലൊന്നിന്റെ കഥയാണ്, അല്ല അനുഭവമാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്) യുടെ പൈപ്പിലൂടെയുള്ള പ്രകൃതിവാതക വിതരണ പദ്ധതിക്ക് പറയാനുള്ളത്.
കൊച്ചിയില്‍നിന്ന് മംഗലാപുരം വഴി ബംഗളൂരുവിലേക്ക് പ്രകൃതി വാതകം കൊണ്ടുപോകാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തത് 2007 ലാണ്. കേരളത്തിലും ഗുജറാത്തിലും ഒരേ സമയം പദ്ധതിയ്ക്ക് അംഗീകാരം നല്കി. ഗെയ്ല് ഇതിനായി രൂപീകരിച്ച പെട്രോനെറ്റ് എന്ന കമ്പനി ഇരു സംസ്ഥാനത്തും പ്രവര്‍ത്തനവും തുടങ്ങി.
ഒഎന്‍ജിസി, ബിപിസിഎല്‍, ഐഒസി, ഗെയ്ല് എന്നിവ ചേര്‍ന്ന് രൂപീകരിച്ചതാണ് പെട്രോനെറ്റ്. ആകെ മേല്‍നോട്ടം ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് (ഗെയ്ല്) ആയതിനാല്‍ ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതി എന്നാണ് പൊതുവേ പരാമര്‍ശിക്കപ്പെടുന്നത്. പദ്ധതിയെ സംബന്ധിച്ച കേരളത്തില്‍നിന്നുള്ള ഏറ്റവും പുതിയ ഔദ്യോഗിക വാര്‍ത്ത ഇതാണ്:
”കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈനിനു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി. 437 കിലോ മീറ്റര്‍ നീളമുള്ള വാതക പൈപ്പ് ലൈനിനു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് മലപ്പുറം ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. മലപ്പുറത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ള എല്ലാ ജില്ലയിലും പുരോഗമിച്ചു വരുന്നു.
എറണാകുളം-തൃശൂര്‍ ജില്ലയില്‍ പൈപ്പിടല്‍ 80% പൂര്‍ത്തിയായി. പദ്ധതി 2018 സെപ്തംബറില്‍ കമ്മീഷന് ചെയ്യുവാന്‍ സാധിക്കും. തൃശൂര്‍ വരെയുള്ള 90 കിലോമീറ്റര്‍ മാര്‍ച്ച് 2018 ന് കമ്മീഷന് ചെയ്യാന്‍ ലക്ഷ്യമിടുന്നു.
പൈപ്പ് ലൈന്‍ കടന്നു പോകുന്ന എറണാകുളം, തൃശൂര്‍, പാലക്കാട്ട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വാതകം വിതരണം ചെയ്യുന്ന സിജിഡി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയില്‍ സി ജി ഡി പണികള്‍ പുരോഗമിച്ചു വരുന്നു. ബാക്കി ജില്ലകളിലെ സിജിഡിക്കായുള്ള ടെണ്ടര്‍ നടപടികള്‍ പ്രധാന പൈപ്പിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി പൂര്‍ത്തിയാക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യവസായ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.”
അതായത് 2007 ല്‍ അനുമതി നല്കി, കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ച പദ്ധതിയുടെ 10 വര്‍ഷം കഴിഞ്ഞുള്ള പുരോഗതിയാണിത്. അതേസമയം ഗുജറാത്തിലെ ദഹേജില്‍ നാലു വര്‍ഷം മുമ്പ്, 2013 ല്‍ പദ്ധതി കമ്മീഷന് ചെയ്ത് വാതക വിതരണം നടക്കുന്നു. പ്രതിവര്‍ഷം കുറഞ്ഞത് 5000 കോടി രൂപയുടെ അധിക വുമാനം ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചു. നാലു വര്‍ഷംകൊണ്ട് 20,000 കോടിയോളം!
കേരളത്തിന് പ്രതിവര്‍ഷം 1500 കോടി രൂപയുടെ അധികവരുമാനം നേടിക്കൊടുക്കുന്ന പദ്ധതിയായിരുന്നു. ഗുജറാത്തിലെ 1785 കിലോ മീറ്റര്‍ പൈപ്പ് പദ്ധതി പൂര്‍ത്തിയാക്കിയത് ആറുവര്‍ഷം കൊണ്ട്, അതിന്റെ നാലിലൊന്ന് മാത്രമുള്ള (437 കി.മീ) കേരള പദ്ധതി ഒന്നര, അല്ലെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ കേരളം പാഴാക്കിയത് ഇതിനകം കുറഞ്ഞത് ഏഴുവര്‍ഷം. സംസ്ഥാനത്തിന് ആ ഇനത്തില്‍ മാത്രം നഷ്ടം 10,500 കോടിരൂപ!! കേരള മോഡല്‍ എവിടെ? ഗുജറാത്ത് മോഡല്‍ എവിടെ?
അതവിടെ നില്ക്കട്ടെ, എന്താണ് ഗെയ്ലിന്റെ, പെട്രോനെറ്റ് നടപ്പാക്കുന്ന പ്രകൃതിവാതകം കുഴല്‍വഴി വിതരണം ചെയ്യുന്ന സംവിധാനമെന്നുകൂടി അറിയണം.
പ്രകൃതി വാതകം പാചക ഇന്ധനത്തിനു മാത്രമല്ല ഇന്ന്. വണ്ടിയോടിക്കാന്‍, ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍, ശീതീകരണത്തിന്, വളം നിര്‍മ്മിക്കാന്‍ എന്നുവേണ്ട, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗങ്ങള്‍ക്കുള്ള ബദല്‍ സംവിധാനമായി മാറിക്കഴിഞ്ഞു പ്രകൃതി വാതകം.
15 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 77 നഗരങ്ങളിലായി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ പദ്ധതിയാണിത്. സാധാരണക്കാരുടെ ജീവിതച്ചെലവ് പലവിധത്തില്‍ പലതലത്തില്‍ കുറയ്ക്കുന്ന സംവിധാനം. ഉദാഹരണത്തിന് പാചക വാതകത്തിന്റെ കാര്യം തന്നെ എടുക്കുക- ഒരു എല്‍പിജി സിലിണ്ടറിന് സബ്സിഡിയോടെ 720 രൂപ ശരാശരി കൊടുക്കേണ്ടിവരുമ്പോള്‍ പ്രകൃതി വാതകത്തിലേക്ക് മാറിയാല്‍ തുല്യ അളവുപയോഗത്തിന് 420 രൂപയേ വേണ്ടിവരൂ.
ലാഭം 300 രൂപ! ഒരുലിറ്റര്‍ പെട്രോളിന് ശരാശരി 72 രൂപ വരെ കൊടുക്കേണ്ടിവരാം. അത് പ്രകൃതിവാതക സംവിധാനത്തില്‍ 40 രൂപവരെ ആയേക്കാം. ലിറ്ററൊന്നില്‍ 30 രൂപ ലാഭം! പക്ഷേ, കേരളം പാഴാക്കിയത് ഏഴുവര്‍ഷം. നഷ്ടം ജനങ്ങള്‍ക്ക്.
വിദേശങ്ങളില്‍നിന്ന് കപ്പല്‍മാര്‍ഗ്ഗം എത്തുന്ന പ്രകൃതി വാതകം കൊച്ചി തുറമുഖത്ത് സംഭരിച്ച് കുഴല്‍ മാര്‍ഗ്ഗം മംഗലാപുരം വരെ വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.
ഇതിനൊപ്പം ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം വീടുകളില്‍ പൈപ്പിലൂടെ പാചക വാതകം വിതരണം ചെയ്യാനും റോഡു മാര്‍ഗ്ഗം വാതകം കണ്ടൈനറുകളില് കടത്തുമ്പോഴുണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തത്.
2013 ല്‍ കൊച്ചി പുതുവൈപ്പില്‍ എല്‍എന്‍ജി ടെര്‍മിനല്‍ പണി പൂര്‍ത്തിയായി, ചെലവ് 4200 കോടി രൂപ. വര്‍ഷം 50 ലക്ഷം ടണ്‍ വാതകം കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ട് പണിത പ്ലാന്റിന്റെ എട്ടു ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത് എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തം.
പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ 2008 ല്‍ തുടങ്ങി. എന്നാല്‍, തെക്കന്‍ ജില്ലകള്‍ പിന്നിട്ട് മലബാറിലെത്തിയതോടെ എതിര്‍പ്പുകളും പ്രതിരോധങ്ങളുമായി. അങ്ങനെ പദ്ധതി മുടങ്ങി.
ആരായിരുന്നു തടസം, എന്തായിരുന്നു തടസം, എന്തിനായിരുന്നു. തടസം നീക്കാന്‍ സര്‍ക്കാരുകള്‍ എന്തു ചെയ്തുവെന്നത് അന്വേഷിക്കുന്നതും കൗതുകകരമായിരിക്കും.
വിഷയം രാഷ്ട്രീയമാണ്. അതു നടപ്പാക്കാന്‍ കൂട്ടുപിടിച്ചത് വിവാദ നുണപ്രചാരണങ്ങളെയാണ്. സുരക്ഷാപ്രശ്നം, കൃഷിനാശം, ഭൂമി ഉടമസ്ഥാവകാശ നഷ്ടമുണ്ടാകല് എന്നിങ്ങനെ വിവിധ ആശങ്കകള്‍ നിക്ഷിപ്ത താല്പര്യക്കാര് പരത്തി.
ഒരു പ്രത്യേക ജനവിഭാഗത്തില്‍ രാഷ്ട്രീയ ആധിപത്യവും സാമൂഹ്യ സ്വാധീനവും നേടാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ മത്സരത്തില്‍പ്പെട്ട് പലരും മുറവിളികൂട്ടുന്ന വികസനം ഞെരിഞ്ഞു ചാവുകയോ കൂമ്പടയുകയോ ആയിരുന്നു. വാസ്തവത്തില്‍ ആര്ക്കായിരുന്ന വാതക പൈപ്പിനെ പേടി. പൈപ്പ് കടന്നുപോകുന്ന വഴിയില്‍ താമസിക്കുന്നവര്‍ക്കോ, വോട്ടുനഷ്ടം ഭയക്കുന്ന ചില രാഷ്ട്രീയക്കാര്‍ക്കോ, രഹസ്യ അജണ്ടകളുള്ള വിവിധ ഭൂമാഫിയകള്ക്കോ?.
തടസവാദങ്ങള്‍ ഉണ്ടായപ്പോള്‍ എതിര്‍ത്തവരുടെ ആശങ്കകളോ ആശയക്കുഴപ്പങ്ങളോ ദൂരീകരിക്കാന്‍ ആരും മുതിര്‍ന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനുള്ള ശ്രമമൊന്നും വന്നില്ല. നേരിട്ട് ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചില്ല, ഇടനിലക്കാരായ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വച്ച ഉപാധികള്‍ക്ക് വഴങ്ങി. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍, ഇച്ഛാശക്തി ഇല്ലാതെ പോയി. അതാണ് സംസ്ഥാനത്തിന്റെ വന്‍ നഷ്ടത്തിനും വികസന മാന്ദ്യത്തിനും കാരണമായത്.
കേന്ദ്രസര്‍ക്കാരാകട്ടെ മറ്റിടങ്ങളില്‍ പദ്ധതിക്ക് പൈപ്പ് കടന്നു പോകുന്നിടത്ത് 30 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്തപ്പോള്‍ കേരളത്തില്‍ ആ വ്യവസ്ഥ 10 മീറ്ററാക്കി കുറച്ചുകൊടുത്തു.
ഇപ്പോള്‍ ആശങ്കകളും അവ്യക്തതകളും മാറി! മലപ്പുറം ജില്ലയിലും സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയായി.
കേരള പദ്ധതി അടുത്ത വര്‍ഷം, 2018 സെപ്തംബറില്‍ കമ്മീഷന് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. കൊച്ചി-തൃശൂര്‍ ഘട്ടം 2-18 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന ക്ഷമമാക്കും. അതായത് അഞ്ചുവര്‍ഷം വൈകി പദ്ധതി പ്രവര്‍ത്തന ക്ഷമമാകും- രാജ്യത്തിന്റെയാകെ ഒരു പഞ്ചവത്സര പദ്ധതിയുടെ കാലം!
കൊച്ചി മെട്രോ പദ്ധതി യഥാസമയം പൂര്‍ത്തീകരിച്ചതുപോലെ, കൊച്ചിയില്‍ മെട്രോ ഏറ്റെടുത്തു നിര്‍മ്മിച്ച മേല്‍പ്പാലം നിര്‍ദ്ദിഷ്ട സമയത്തിനു മുമ്പ്, പ്രതീക്ഷിച്ചതില്‍ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയത് ഒരു മാതൃക. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 100 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ഹൈക്കോടതി മന്ദിരത്തിന് അപാകതയുണ്ടായത് മറ്റൊരു മാതൃക. പെട്രോനെറ്റിന്റെ വാതക പൈപ്പ് പദ്ധതി ഇത്രയും വൈകിച്ചത് മറ്റൊരു മാതൃക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: