കാസര്‍കോട്: തൊഴിലുറപ്പ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതായാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ബിജെപി ജില്ല കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന പദ്ധതി രേഖകള്‍ യഥാസമയം സമര്പ്പിക്കാതു കാരണമാണ് ഫണ്ടുകള്‍ ലഭിക്കാത്തത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.
സംസ്ഥാനത്ത് മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ കേന്ദ്ര ഫണ്ടുകള്‍ കട്ടുമുടിച്ചവരാണ്. അതിനിപ്പോള്‍ സാധിക്കാത്തതിന്റെ വിഭ്രാന്തിമൂലമാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നത്.
ലക്ഷക്കണക്കിന് തൊഴിലാളികളെ വഞ്ചിക്കുകയാണ് ഇടത് മുന്നണി സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പണം പങ്കുവെച്ചെടുക്കുകയായരുന്നു ഇരുമുന്നണികളും.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം വകമാറ്റി ചെലവൊഴിച്ച് എട്ടുകാലി മമ്മുഞ്ഞി ചമയുകയാണ് പിണറായി സര്‍ക്കാര്‍. തൊഴിലാളി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനോ പരിഹരിക്കാനോ സംസ്ഥാന സര്‍ക്കാറിന് നേരമില്ല.
മാഫിയകളെ സംരക്ഷിക്കുന്ന നിലാപാടാണ് നടത്തികൊണ്ടിരിക്കുന്നത്. മാഫിയകളെ നിയന്ത്രക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ധര്‍ണ്ണ സമരത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്, സംസ്ഥാന സമിതി അംഗം അഡ്വ.വി.ബാലകൃഷ്ണഷെട്ടി, വി.കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പി.സുരേഷ് കുമാര്‍ ഷെട്ടി, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, നേതാക്കളായ രാമപ്പ മഞ്ചേശ്വരം, അഡ്വ.സദാനന്ദറൈ, ജി.ചന്ദ്രന്, എം.ബല്‍രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: