കോഴഞ്ചേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആറന്മുള ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിയമനം വൈകുന്നത് ലേലം വിളി മൂലമെന്നാരോപണം. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ അക്കൗണ്ടന്റുമാരുടെ തസ്തിക നിര്‍ത്തലാക്കിയ ശേഷം ക്ഷേത്രത്തിലെ ഭരണം മുഴുവന്‍ എ.ഒ. യുടെ ചുമതലയിലാണ് നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. നിലവിലുണ്ടായിരുന്ന ഓഫീസര്‍ പ്രമോഷനോടുകൂടി സ്ഥലം മാറിപ്പോയെങ്കിലും പകരം നിയമനം ഇതുവരെ ദേവസ്വം ബോര്‍ഡ് നടത്തിയിട്ടുമില്ല. എ.ഒ. യുടെ അഭാവത്തില്‍ അക്കൗണ്ടന്റുമാര്‍ ക്ഷേത്ര ഭരണ ചുമതലകള്‍ മുമ്പ് നിര്‍വ്വഹിക്കുമായിരുന്നു. എ.ഒ. യുടെ നിയമനത്തിലേക്ക് വരുവാനാഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ ഇടപെടലുകളും ലേലം വിളിയുമാണ് നിയമനം വൈകിക്കുന്നതെന്ന് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. വള്ളസദ്യകാലം ആരംഭിക്കുവാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ താത്ക്കാലിക ചുമതല നല്കിയ ഉദ്യോഗസ്ഥന് ദേവസ്വം ഭരണം നടത്തുവാനും കഴിയുന്നില്ല. ആറന്മുള ക്ഷേത്രത്തിലെ എ.ഒ. യുടെ നിയമനം നടക്കാത്തതുമൂലം ക്ഷേത്ര ഭരണം അവതാളത്തിലായതായും വഴിപാട് വിവരങ്ങള്‍ അറിയിക്കുവാനുള്ള ഉദ്യോഗസ്ഥരുടെ അഭാവം ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: