അടൂര്‍: കടമ്പനാട് ജംഗ്ഷന് സമീപമുള്ള ഗോവിന്ദപുരം പബ്ലിക്ക് മാര്‍ക്കറ്റ് അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് ശോച്യാവസ്ഥയില്‍. ചന്തയുടെ ഭാവി എന്താകുമെന്നറിയാതെ ആശങ്കയിലാണ് ഇവിടുത്തെ നാട്ടുകാര്‍. സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള സ്ഥലം ചന്തയില്‍ പരിമിതമാണ്.
മത്സ്യ വില്പനയ്ക്കായി രണ്ട് സ്റ്റാളുകള്‍ മാത്രമാണ് ഉള്ളത്.സ്റ്റാളിന് സമീപം മാലിന്യം കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ഈച്ച, കൊതുക് എന്നിവയുടെ ശല്യം കാരണം ചന്തയ്ക്കുള്ളില്‍ കച്ചവടം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയാണ്. ആധുനിക രീതിയിലുള്ള സ്റ്റാള്‍ ഇല്ലാത്തതുമൂലം പച്ചക്കറി ഉള്‍പ്പടെയുള്ള മറ്റ് കച്ചവടക്കാര്‍ക്ക് മഴയും വെയിലും ഏല്ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ സാധനങ്ങളുടെ ക്രയവിക്രയം നടന്നിരുന്ന ചന്തയ്ക്കാണ് ഇപ്പോള്‍ ഈ സ്ഥിതി വന്നിരിക്കുന്നത്. മാലിന്യ സംസ്കരണമാണ് പ്രധാന പ്രശ്നം.
മലിനജലം ഒഴുകി പോകാന്‍ ഡ്രെയിനേജ് സംവിധാനവുമില്ല. മാര്‍ക്കറ്റില്‍ നിന്നുള്ള മലിന ജലം കടമ്പനാട്-മലനട റോഡിലൂടെയാണ് ഒഴുകുന്നത്. മലിനജലം കെട്ടിക്കിടക്കുന്നിടത്തിരുന്ന് കച്ചവടം ചെയ്യേണ്ട ഗതികേടിലാണ് കച്ചവടക്കാര്‍.
ഷോപ്പിംഗ് കോംപ്ലക്സും കടമുറികളും ടോയ്ലറ്റുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നത് ചന്ത സ്ഥലത്താണ്. സാധനങ്ങളുടെ’ ക്രയവിക്രയത്തിന് ഇനി ശേഷിക്കുന്നത് കുറച്ച് സ്ഥലം മാത്രമാണ്. ഇതാകട്ടെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുമില്ല.
കൂടുതല്‍ കച്ചവടക്കാര്‍ എത്തുന്നതോടെ സ്ഥലപരിമിതി മൂലം കച്ചവടം ചന്തയില്‍ നിന്ന് റോഡിലേക്കിറങ്ങും. ആധുനിക രീതിയിലുള്ള കൂടുതല്‍ സ്റ്റാളുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്.
ചന്ത സ്ഥലത്ത് കൈയേറ്റം നടക്കുന്നതായും പരാതിയുണ്ട്. വൈദ്യുതി വിളക്കുകളില്ലാത്തത് മൂലം ചന്തയില്‍ കുറ്റിരുട്ടാണ്. ഇത് മൂലം സാധനങ്ങളുമായി എത്തുന്ന കച്ചവടക്കാരും സാധനം വാങ്ങാനെത്തുന്നവരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ചന്തയ്ക്കുള്ളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കണമെന്ന് അധികൃതരോട് നിരവധി തവണ ആവിശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
മത്സ്യ വില്പന നടത്തുന്നതിന് സമീപമുള്ള കവാടത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കച്ചവടം നടത്തുന്നതും വഴിയുടെ ഇരുവശവും മത്സ്യ കച്ചവടക്കാര്‍ സ്ഥാനം പിടിക്കുന്നതും മൂലം ചന്തയ്ക്കുള്ളില്‍ കടക്കുവാന്‍ ബുദ്ധിമുട്ടാണ്. മാര്‍ക്കറ്റില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ തോന്നിയതുപോലെ പാര്‍ക്ക് ചെയ്യുന്നതും മാര്‍ഗ്ഗ തടസ്സത്തിനിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: