കൊച്ചി: കേരള ലളിതകാല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഭിന്നലിംഗ, ദളിത്, ആദിവാസി, ഗോത്ര വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ദശദിന കലാസാംസ്കാരിക പരിപാടി ‘സമന്വയ’ 14 മുതല്‍ 23 വരെ ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തില്‍ നടക്കും. രേവതി, കല്‍ക്കി സുബ്രമണ്യം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ഭിന്നലിംഗ ചിത്രകലാപ്രതിഭകളും പണ്ഡിറാം മണ്ടാവി, വെങ്കട്ട് ശ്യാം, ബസന്ത് ഉയിക്കെ തുടങ്ങി 18 ദളിത്, ഗോത്ര കലാകാരന്മാരും ബി.ഡി. ദത്തന്, ജി. രാജേന്ദ്രന് തുടങ്ങിയ കേരളത്തിലെ സമകാലിക ചിത്രകാരന്മാരുമടക്കം 250ഓളം കലാകാരന്മാര് പങ്കെടുക്കുമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
14ന് വൈകിട്ട് 5 മണിക്ക് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സമന്വയ ഉദ്ഘാടനം ചെയ്യും. ചിത്രകലാ ക്യാമ്പിന് പുറമേ ദാരുശില്പ ക്യാമ്പ്, ഫോട്ടോഗ്രാഫി, ഫാഡ് പെയ്ന്റിംഗ് ക്യാമ്പുകള്‍, പോര്‍ട്രേയ്റ്റ് ഡെമോണ്സ്ട്രേഷന്, ചലച്ചിത്ര, ചിത്രപ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ കലാവിഷ്കാരങ്ങളും അവതരിപ്പിക്കും. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: