കൊച്ചി: ദക്ഷിണേന്ത്യയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ദേശീയ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കൊച്ചിയില്‍ തുടങ്ങണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടനകള്‍ മുന്നിട്ടറിങ്ങുമ്പോഴും സംസ്ഥാന സര്‍ക്കാറിന് താത്പര്യമില്ല. ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്ഥല സൗകര്യമൊരുക്കി അപേക്ഷ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചില്ല.
ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കൊച്ചി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയുമുണ്ടെങ്കിലേ കേന്ദ്രത്തില്‍ നിന്ന് അംഗീകാരം ലഭിക്കൂ. നിലവില്‍ സംസ്ഥാനം ഇതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാനുള്ള സ്ഥല സൗകര്യങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് നിലവിലുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയും. ഉത്തരേന്ത്യക്ക് അനുവദിച്ച ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിയൂട്ട് ഹര്യാനയ്ക്കാണ് ലഭിച്ചത്. അവിടെ 35 ഏക്കര്‍ സ്ഥലമാണുള്ളത്. കളമശ്ശേരിയില്‍ 35 ഏക്കര്‍ സ്ഥല സൗകര്യമുള്ളപ്പോള്‍, 2000 കോടി രൂപയുടെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തത് ദുരൂഹമാണെന്നാണ് ആരോപണം. സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണം കൂടി വരികയാണ്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററും മലബാര്‍ കാന്‍സര്‍ സെന്ററും മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള പ്രധാന ചികിത്സാ കേന്ദ്രങ്ങള്‍. കൊച്ചിന് കാന്‍സര്‍ സെന്ററില്‍ ഇതുവരെ കിടത്തി ചികിത്സയും തുടങ്ങിയിട്ടില്ല. ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ സൗകര്യങ്ങള്‍ കാന്‍സര്‍ സെന്ററിനായി പ്രയോജനപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: